കുമരകത്ത് വലയും തുഴയും മോഷ്ടിച്ച് കള്ളന്മാർ : എന്നെങ്കിലും വലയിൽ കുടുങ്ങുമെന്ന് മത്സ്യ തൊഴിലാളികൾ

കുമരകം :കോട്ടത്താേട്ടിൽ മത്സ്യബന്ധന വള്ളങ്ങളിൽ സൂക്ഷിക്കുന്ന ഉപകരണങ്ങൾ കാണാതാകുന്നതായി വ്യാപക പരാതി.
മത്സ്യബന്ധനത്തിന് ശേഷം തോട്ടരികിൽ ബന്ധിക്കുന്ന വള്ളങ്ങളിൽ നിന്നും വല, തുഴ , കഴുക്കോൽ തുടങ്ങിയ ഉപകരണങ്ങൾ മോഷ്ടിക്കപ്പെടുന്നതായാണ് പരാതി.
കഴിഞ്ഞ ദിവസം കോണത്താറ്റു പാലത്തിൻ്റെ നിർമ്മാണം നടക്കുന്നതിനു സമീപത്ത് കോട്ടത്താേടിൻ്റെ കരയിൽ സൂക്ഷിച്ചിരുന്ന മത്സ്യബന്ധനവല കാണാതായി.
മത്സ്യ താെഴിലാളിയായ കാരിക്കത്ര രേണുവിൻ്റെ വലയാണ് കഴിഞ്ഞ ദിവസം നഷ്ടമായത്.
വേമ്പനാട്ടുകായലിൽ കരിമീൻ പിടിക്കാൻ ഉപയോഗിക്കുന്ന നീട്ടു വലയാണ് കാണാതായത്.
പുത്തൻപള്ളിയുടെ അടുത്ത് വള്ളത്തിൽ സൂക്ഷിച്ചിരുന്ന ഇളംകുറ്റ് സുമേഷിൻ്റെ കഴുക്കോലും, തുഴയും വലയും കാണാതായതും കഴിഞ്ഞ ദിവസമാണ്. മത്സ്യബന്ധനത്തിന് പോകാൻ എത്തുമ്പോഴാണ് തലേ ദിവസം വെച്ചിരുന്ന ഉപകരണങ്ങൾ നഷ്ടപ്പെട്ടത് താെഴിലാളികൾ അറിയുന്നത്.
തോട്ടിൽ പോളതിങ്ങി നിറഞ്ഞിരിക്കുന്നതിനാലും കോണത്താറ്റു പലം പണിയുടെ ഭാഗമായി മുട്ടിട്ടിട്ട് തോട് തടഞ്ഞിരിക്കുന്നതിനാലുമാണ് തങ്ങളുടെ മത്സ്യബന്ധന വള്ളങ്ങൾ സ്വന്തം വീട്ടിൽ കൊണ്ടുപോകാനാകാതെ പാതിവഴിയിൽ സൂക്ഷിക്കേണ്ടി വരുന്നത്.
ജീവനോപാദി നഷ്ടപ്പെടുന്നതിനാൽ തൊഴിലാളികൾക്കുണ്ടാകുന്നത് വലിയ ബുദ്ധിമുട്ടും ദുരിതവുമാണ്.