വില കൂടി; തീരദേശത്തിന്റെ പഞ്ചാരമണലില്‍ ഏറെ ഔഷധ പ്രാധാന്യമുള്ള രാമച്ചത്തിന് വിപണിയില്‍ വില വര്‍ധിച്ചതോടെ തീര ദേശത്തെ രാമച്ച കര്‍ഷകര്‍ ആശ്വാസത്തില്‍.

 

മലപ്പുറം : തീരദേശത്തിന്റെ പ്രധാന കൃഷികളിലൊന്നായ രാമച്ചത്തിന്റെ വിളവെടുപ്പ് ഏറെ പ്രതീക്ഷയോടെയാണ് കര്‍ഷകര്‍ നോക്കികാണുന്നത്. ഈ വര്‍ഷത്തെ വിളവെടുപ്പില്‍ തുടക്കത്തില്‍ അല്‍പ്പം വിലയിടിവ് ഉണ്ടായെങ്കിലും വിപണിയില്‍ ഇപ്പോള്‍ ഡിമാന്റ് ഏറി. കിലോക്ക് 95 മുതല്‍ 105 വരെയാണ് വില. ഇത് ഏറെ ആശ്വാസകരമായാണ് കാണുന്നതെന്നും ഈ വില നിലനില്‍ക്കുകയാണെങ്കില്‍ ഒരുപരിധി വരെ പിടിച്ചുനില്‍ക്കാനാകുമെന്നും കര്‍ഷകര്‍ പറയുന്നു. ഒക്ടോബറില്‍ തുടങ്ങിയ വിളവെടുപ്പ് ഫെബ്രുവരി അവസാനവാരത്തോടെ അവസാനിക്കും.

 

വില വര്‍ധിച്ചതോടെ രാമച്ചം കെട്ടുകളാക്കി സ്റ്റോക്ക് ചെയ്യുകയാണ് കര്‍ഷകര്‍. പൊന്നാനി മുതല്‍ ചാവക്കാട് വരെ എടക്കഴിയൂര്‍, പഞ്ചവടി, നാലാംകല്ല്, അകലാട്, മൂന്നൈയിനി, ബദര്‍പള്ളി, മന്ദലാംകുന്ന്, പാപ്പാളി, അണ്ടത്തോട്, പെരിയമ്ബലം, തങ്ങള്‍പ്പടി, കാപ്പിരിക്കാട്, പാലപ്പെട്ടി, വെളിയങ്കോട്, തുടങ്ങിയ തീരദേശത്തിന്റെ പഞ്ചാരമണലില്‍ കൃഷിചെയ്യുന്ന രാമച്ചത്തിന് പുറംനാടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നല്ല മാര്‍ക്കറ്റാണുള്ളത്.

 

ആയൂര്‍വേദ ഉല്‍പന്നങ്ങള്‍ക്കും വിശറി, ബെഡ്, തലയണ മുതലായവ നിര്‍മിക്കുന്നതിന് ഏറെ സുഗന്ധമുള്ള രാമച്ചം ഉപയോഗിക്കുന്നുണ്ട്. കൃഷി ഇടത്തില്‍നിന്ന് തന്നെ 50 കിലോ വരുന്ന കെട്ടുകളാക്കി കയറ്റി വിടുകയാണ്. പലകര്‍ഷകരും പാട്ടത്തിന് സ്ഥലമെടുത്താണ് കൃഷി ഇറക്കുന്നത്.