തൃക്കൊടിത്താനം: യുവതിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ മാടപ്പള്ളി മാമ്മൂട് വെളിയംഭാഗത്ത് പുളിക്കൽ ലിജോ സേവ്യറെ (27) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ചങ്ങനാശേരി, തൃക്കൊടിത്താനം, ചിങ്ങവനം പൊലീസ് സ്റ്റേഷനുകളിൽ ലഹരിക്കടത്തു കേസുകൾ നിലവിലുണ്ട്.
എട്ടു മാസം മുൻപു ചിങ്ങവനത്ത് 22 ഗ്രാം എംഡിഎംഐയുമായി ലിജോ സേവ്യറെ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന ലിജോ 2 മാസം മുൻപാണു ജാമ്യത്തിൽ ഇറങ്ങിയത്. തൃക്കൊടിത്താനം, മാമ്മൂട് ഭാഗങ്ങളിലുള്ള ലഹരിമാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ്. കഴിഞ്ഞ ദിവസം രാത്രി 11നു ചങ്ങനാശേരി വാഴപ്പള്ളി സ്വദേശിനിയായ യുവതിയുമൊത്തു ലിജോ വീട്ടിലെത്തിയിരുന്നു.
കോട്ടയത്തെ ബാറിൽനിന്നു മദ്യപിച്ച ശേഷമാണ് എത്തിയത്. യുവതിയെ രാത്രി വീട്ടിൽ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ സഹോദരി എതിർത്തതാണ് ആക്രമണത്തിനു കാരണമെന്ന് എസ്എച്ച്ഒ എം.ജെ.അരുൺ പറഞ്ഞു. ലഹരിക്ക് അടിമയായ ലിജോ നിരന്തരം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. അച്ഛനെയും അമ്മയെയും ഇതിനുമുൻപ് ആക്രമിച്ചതായും പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്.
സഹോദരിയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട ലിജോ വീടിനു സമീപത്തെ റബർത്തോട്ടത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. എസ്ഐമാരായ ഗിരീഷ് കുമാർ, ഷിബു, സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ, എസ്.സ്മിതേഷ്, ഷഫീഖ് എന്നിവരും അറസ്റ്റിൽ പങ്കെടുത്തു. ലിജോയെ കോടതി റിമാൻഡ് ചെയ്തു.
