അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഇന്ന് പൂര്‍ത്തിയാകും.അഭിപ്രായ സര്‍വേ ഫലം വൈകീട്ടോടെ തിരശ്ശീല വീഴും. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഢ്, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്.

 

ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് ഇന്ന് വൈകീട്ടോടെ തിരശ്ശീല വീഴും. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഢ്, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്.ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. വൈകീട്ട് 6.30 നു ശേഷം ഈ സംസ്ഥാനങ്ങളെ ആരാണ് നയിക്കുക എന്നത് സംബന്ധിച്ച അഭിപ്രായ സര്‍വേഫലങ്ങളും പുറത്തുവരും. വ്യാഴാഴ്ച വൈകീട്ട് ആറുമണിക്കു ശേഷമേ അഭിപ്രായ സര്‍വേ ഫലം പുറത്തുവിടാവൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്‍കര്‍ഷിച്ചിട്ടുണ്ട്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തുമെന്നാണ് അശോക് ഗെഹ്ലോട്ട് ഉറച്ചുവിശ്വസിക്കുന്നത്. കാരണം സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഭീഷണിയുടെയും രോഷത്തിന്റെയും ഭാഷയിലാണ് മോദിയും കൂട്ടരും രാജസ്ഥാനില്‍ പ്രചാരണം നടത്തിയതെന്നും ഇത് കോണ്‍ഗ്രസിന് അനുകൂലമാകുമെന്നുമാണ് ഗെഹ്ലോട്ടിന്റെ വിലയിരുത്തല്‍.അതിനിടെ, അഭിപ്രായ സര്‍വേഫലങ്ങളെ പൂര്‍ണമായി മുഖവിലക്കെടുക്കാനും പറ്റില്ല. 2018ല്‍ മധ്യപ്രദേശില്‍ ബി.ജെ.പി വിജയിക്കുമെന്നായിരുന്നു സര്‍വേ ഫലം. എന്നാല്‍ ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിനായിരുന്നു വിജയം. അതുപോലെ രാജസ്ഥാനില്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ബി.ആര്‍.എസ് ഭരിക്കുമെന്നും പ്രവചനമുണ്ടായി.

അതു രണ്ടും യാഥാര്‍ഥ്യമായി. ഛത്തീസ്ഗഢില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണെന്നും മിസോറമില്‍ കോണ്‍ഗ്രസും എം.എല്‍.എഫും തമ്മില്‍ കടുത്ത മത്സരമായിരിക്കുമെന്നും പ്രവചനമുണ്ടായി. അതുപോലെ കഴിഞ്ഞ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ചു പോരാട്ടമായിരിക്കുമെന്ന പ്രവചനവും തെറ്റി. വോട്ടുകളെണ്ണിയപ്പോള്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ അപേക്ഷിച്ച്‌ ബഹുദൂരം മുന്നിലായിരുന്നു.

 

ഇക്കുറി ഏറെ പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും. 2018ല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനായിരുന്നു വിജയമെങ്കിലും രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ച്‌ ഭരണം ബി.ജെ.പി കൈക്കലാക്കിയിരുന്നു.ഇക്കുറിയും കോണ്‍ഗ്രസിനു തന്നെ മുന്നേറ്റം ലഭിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

 

നവംബര്‍ 25നായിരുന്നു രാജസ്ഥാനിലെ തെരഞ്ഞെടുപ്പ്. 74.71ശതമാനയായിരുന്നു പോളിങ്. രാജസ്ഥാനില്‍ കോണ്‍ഗ്രസും ബി.ജെ.പിയും മാറിമാറി ഭരിക്കുകയായിരുന്നു. ഇതുവരെ ഒരു സര്‍ക്കാരും രണ്ടുവട്ടം അധികാരത്തിലിരുന്നിട്ടില്ല.ഇക്കുറിയും അതിന് മാറ്റമുണ്ടാകില്ലെന്ന് കരുതുന്നവരാണ് അധികവും.കര്‍ണാടകയിലെ പോലെ തെലങ്കാനയിലും ഭാരത് ജോഡോ യാത്ര വോട്ടായി പെട്ടിയിലെത്തിയിട്ടുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്.