കടുത്ത സാമ്പത്തിക പ്രതിസന്ധി; പണമില്ലാതെ വി.എഫ്.പി.സി.കെയും പ്രതിസന്ധിയില്‍; കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് അഞ്ചു കോടിയിലേറെ രൂപ

കോട്ടയം: കർഷകരെ ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും രക്ഷിക്കാനായി സംസ്ഥാന കൃഷിവകുപ്പ് രൂപംകൊടുത്ത വി.എഫ്.പി.സി.കെയും പ്രതിസന്ധിയില്‍.

സംസ്ഥാനത്തെ പച്ചക്കറി കർഷകർക്ക് അഞ്ചു കോടിയിലേറെ രൂപയാണ് വി.എഫ്.പി.സി.കെ നല്‍കാനുള്ളത്. പദ്ധതി നടത്തിപ്പിനും സബ്സിഡിക്കും പണമില്ലാതെ വലയുകയാണ് വി.എഫ്.പി.സി.കെ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

2023 മുതല്‍ കൃത്യമായി പൊതുവിപണിക്ക് സബ്സിഡി ആനുകൂല്യത്തിന് അടക്കം സർക്കാർ ഫണ്ടനുവദിക്കുന്നില്ല. ഇതാണ് വി.എഫ്.പി.സി.കെ പ്രവർത്തനങ്ങള്‍ താളംതെറ്റാൻ കാരണം.

കർഷകർക്ക് സബ്സിഡി ആനൂകൂല്യങ്ങളോടെ വ്യാവസായികാടിസ്ഥാനത്തില്‍ പഴം- പച്ചക്കറി കൃഷി, ഇടനിലക്കാരുടെ ചൂഷണമില്ലാതെ വിപണി കണ്ടെത്താൻ മെച്ചപ്പെട്ട മാർഗ്ഗം, പച്ചക്കറി മിച്ച സംസ്ഥാനമെന്ന ആശയത്തിന് കരുത്ത് തുടങ്ങിയ ലക്ഷ്യങ്ങളുമായിട്ടാണ് വർഷങ്ങള്‍ക്ക് മുൻപ് കൃഷിവകുപ്പിന് കീഴില്‍ വിഎഫ്‍പിസികെ ആരംഭിച്ചത്. എന്നാല്‍, കഴിഞ്ഞ ഒരു വ‍ർഷത്തെ കാര്യം മാത്രം പരിശോധിച്ചാല്‍ വിഎഫ്‍പിസികെയിലെ താളപ്പിഴകളെക്കുറിച്ച്‌ മാത്രമായിരിക്കും കർഷകർക്ക് പറയാനുണ്ടാകുക.