കാട്ടാക്കട: കെ.എസ്.ആർ.ടി.സി.യുടെ ചരിത്രത്തില്‍ ആദ്യമായി തിരുവനന്തപുരം ജില്ലയില്‍ ഒരു വനിതാ ഡ്രൈവറെത്തി.
കാട്ടാക്കട പനയംകോട് തടത്തരികത്തുവീട്ടില്‍ രാജി(35)യാണ് ആനവണ്ടിയുടെ സാരഥിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കാട്ടാക്കട ഡിപ്പോയില്‍ നിന്നും പുതുചരിത്രം രചിച്ച് രാജി ബസെടുക്കാൻ തയ്യാറായപ്പോള്‍ ഡബിള്‍ ബെല്ലടിച്ച് വനിതാ കണ്ടക്ടറായ അശ്വതിയും ഒപ്പം കൂടി.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് രാജിയുടെ ആദ്യ സർവീസ് ആരംഭിച്ചത്. ഒറ്റശേഖരമംഗലം- പ്ലാമ്പഴഞ്ഞിയിലേക്കുള്ള സർവീസ് ഒരു പതർച്ചയും കൂടാതെ പൂർത്തിയാക്കി. പിന്നാലെ മറ്റ് റൂട്ടുകളിലുള്ള അഞ്ച് സർവീസുകളും പൂർത്തിയാക്കി 150 കിലോമീറ്റർ വണ്ടി ഓടിച്ച് രാത്രി പത്തുമണിയോടെയാണ് രാജി തിരിച്ചെത്തിയത്.
കൂട്ടിക്കൊണ്ടുപോകാൻ അഭിമാനത്തോടെ അച്ഛൻ റസാലം എത്തിയിരുന്നു.
