തിരുവനന്തപുരം: നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ വീട്ടിലെത്തി ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
വൈകിട്ടോടെ ആയിരുന്നു വി.എസ് അച്യുതാനന്ദന്റെ വീട്ടില്‍ പിണറായി വിജയന് നേരിട്ടെത്തിയത്. ആശംസകള്‍ അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നുവെങ്കിലും നേരിട്ടെത്തി നല്കുന്നതില് വ്യക്തതയില്ലായിരുന്നു.
മറ്റൊരു പരിപാടിക്കായി പോകുന്നതിനിടെയാണ് വി.എസിന്റെ വീട്ടില്‍ പിണറായി വിജയന് എത്തിയത്. അല്പ നേരം അവിടെ ചിലവഴിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയന് മടങ്ങി.
പിണറായി വിജയന് വീട്ടിലെത്തിയപ്പോള്‍ വി.എസ് ഉറക്കത്തിലായിരുന്നുവെന്ന് മകന് ഡോ.വി.എ അരുണ്‍ കുമാര്‍ പറഞ്ഞു. ഉറക്കമായതിനാല്‍ വിളിക്കണ്ടെന്നും ആശംസ അറിയിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളോട് ആശംസ അറിയിച്ചശേഷമാണ് പിണറായി വിജയന് മടങ്ങിയത്.
