ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തി, റിമാൻഡില്‍ കഴിയവെ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 19 വര്‍ഷത്തിനുശേഷം പിടിയിലാക്കി പോലീസ്

സ്വന്തം ലേഖകൻ

ആലപ്പുഴ : ആലപ്പുഴ മാന്നാറില്‍ ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍.

മാന്നാര്‍ ആലുംമൂട്ടില്‍ ജങ്ഷനുതെക്ക് താമരപ്പള്ളില്‍ വീട്ടില്‍ കുട്ടിക്കൃഷ്ണ(64) നെയാണ് 19 വര്‍ഷത്തിനുശേഷം പോലീസ് പിടികൂടിയത്.

ഭാര്യ ജയന്തിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ റിമാൻഡില്‍ കഴിയവെ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ നിന്നാണ് പിടികൂടിയത്. ഒളിവില്‍പ്പോയ ഇയാള്‍ കട്ടപ്പനയില്‍ ഒരു ജ്യോതിഷിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് കേരളത്തിലും ഒഡിഷയിലും പല പേരുകളില്‍ പല ജോലികള്‍ ചെയ്തു. തുടര്‍ന്ന് ഓണ്‍ലൈൻ ട്രേഡിങ് തുടങ്ങി. കൊച്ചിയില്‍ ഷെയര്‍ മാര്‍ക്കറ്റിങ് ബിസിനസ് നടത്തുന്നവരില്‍ നിന്നു കിട്ടിയ വിവരത്തെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

2004 ഏപ്രില്‍ രണ്ടിന് ആണ് കൊലപാതകം നടന്നത്. ഭാര്യയുമായി വഴക്കിട്ട കുട്ടിക്കൃഷ്ണൻ അവരുടെ വായ പൊത്തിപ്പിടിച്ച്‌ ഭിത്തിയില്‍ ഇടിപ്പിച്ചശേഷം ചുറ്റിക ഉപയോഗിച്ച്‌ തലയ്ക്കടിച്ചു. തുടര്‍ന്ന് മരിച്ചുവെന്ന് ഉറപ്പാക്കിയശേഷം തലയറത്തു മാറ്റുകയായിരുന്നു.

അന്ന് രാത്രി മകള്‍ക്കൊപ്പം മൃതശരീരത്തിനരികെ കഴിച്ചുകൂട്ടിയ ഇയാള്‍ പിറ്റേന്ന് പുലര്‍ച്ചേ മാന്നാര്‍ സ്റ്റേഷനില്‍ ഹാജരായി കുറ്റം ഏറ്റുപറയുകയായിരുന്നു. തുടര്‍ന്ന് മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയില്‍ വിചാരണയിലിരിക്കെയാണ് ഒളിവില്‍പ്പോയത്.