ഉണ്ണിയപ്പമില്ലാതെ എന്ത് വിഷു ; അത് കൂടുതല്‍ സോഫ്റ്റാകാൻ ഇങ്ങനെ ചെയ്താല്‍ മതി

കോട്ടയം: നെയ്യപ്പവും, ഉണ്ണിയപ്പവുമൊക്കെ മലയാളികളുടെ പ്രിയപ്പെട്ട പലഹാരങ്ങളില്‍ ചിലതാണ്. ഏകദേശം ഒരേ ചേരുവകള്‍ തന്നെയാണെങ്കിലും നെയ്യപ്പത്തേക്കാളും ഇത്തിരി കുഞ്ഞനാണ് ഉണ്ണിയപ്പം.

പേര് പോലെ തന്നെ കാഴ്ച്ചയില്‍ മാത്രമല്ല രുചിയിലും ആരേയും മയക്കാൻ ഇതിന് കഴിയും. അരിയും, ശർക്കരയും, പഴവുമാണ് പ്രധാന ചേരുവകള്‍. അവ അരച്ചെടുത്ത് മാവ് തയ്യാറാക്കണം. ഉണ്ണിയപ്പ ചട്ടയില്‍ നെയ്യ് ഒഴിച്ച്‌ ചൂടാക്കി മാവ് ഒഴിച്ച്‌ ചുട്ടെടുക്കാം. നെയ്യില്‍ കിടന്ന് വെന്തു വരുന്ന ഉണ്ണിയപ്പം കാഴ്ച്ചയില്‍ തന്നെ കൊതിപ്പിക്കും. പാളയങ്കോടൻ പഴമാണ് മാവിനായി ഉപയോഗിക്കേണ്ടത്. സോഫ്റ്റും രുചികരവുമായ ഉണ്ണിയപ്പം എങ്ങനെ തയ്യാറാക്കാം എന്ന് അക്ഷയ മെറിൻ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പറയുന്നു.

ചേരുവകള്‍

പച്ചരി- 2 കപ്പ്
ശർക്കര- 1 കപ്പ്
പാളയങ്കോടൻ പഴം- 4
തേങ്ങ- 1/2 കപ്പ്
എള്ള്- 1 ടീസ്പൂണ്‍
ഏലയ്ക്കപ്പൊടി- 1 ടീസ്പൂണ്‍
ഉപ്പ്- ഒരു നുള്ള്
നെയ്യ് അല്ലെങ്കില്‍ എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അഞ്ച് മുതല്‍ ആറ് മണിക്കൂർ വരെ വെള്ളത്തില്‍ കുതിർത്തു വെച്ച പച്ചരി കഴുകിയെടുക്കാം.
ഇതിലേയ്ക്ക് ഒരു കപ്പ് ശർക്കര ലായനി, നാല് വലിയ പാളയങ്കോടൻ പഴം ( ചെറിയ പഴം ആണെങ്കില്‍ എട്ട് എണ്ണമെങ്കിലും എടുക്കുക). ഇവ അരച്ചെടുക്കാം.
ഒരു പാൻ അടുപ്പില്‍ വെച്ച്‌ അല്‍പ്പം നെയ്യ് ചേർത്ത് ചൂടാക്കി അര കപ്പ് തേങ്ങാ കഷ്ണങ്ങള്‍ ചേർത്ത് വറുക്കാം.
അരച്ചു വെച്ചിരിക്കുന്ന മാവിലേയ്ക്ക് വറുത്ത തേങ്ങാ കഷ്ണങ്ങളും, ഒരു ടീസ്പൂണ്‍ എള്ളും, ഒരു ടീസ്പൂണ്‍ ഏലയ്ക്കപ്പൊടിയും, ഒരു നുള്ള് ഉപ്പും ചേർത്തളിക്കാം.
ഉണ്ണിയപ്പ ചട്ടി അടുപ്പില്‍ വെച്ച്‌ ആവശ്യത്തിന് നെയ്യോ എണ്ണയോ ചേർത്ത് ചൂടാക്കി മാവ് ഒഴിക്കാം.
നന്നായി വെന്ത ഉണ്ണിയപ്പം പാത്രത്തിലേയ്ക്കു മാറ്റി ചൂടോടെ കഴിച്ചു നോക്കൂ.