തിരുവനന്തപുരം: അൻപതിനായിരം രൂപയുടെ ഉദ്ഘാടനത്തിന് പോയതുകൊണ്ട് അൻപത് ലക്ഷം രൂപ നഷ്ടമായ കഥ പറഞ്ഞ് നടനും മിമിക്രി താരവുമായ ടിനി ടോം.
2018 എന്ന ചിത്രത്തിന്റെ ഹാങ്ങോവറിലാണ്. ഞാൻ ഒരിക്കലും കാണരുതെന്ന് വിചാരിച്ചിരുന്ന വർഷമാണ് 2018. കാരണം ഞാനൊരു പ്രളയബാധിതനാണ്. എല്ലാം നഷ്ടപ്പെട്ടുപോയവനാണ്.ഞാൻ അവിടെ നിന്നും വീണ്ടും തുടങ്ങിയവനാണ്. അത് ഞാൻ ജൂഡിനെ വിളിച്ചുപറഞ്ഞിരുന്നു. സപ്പോർട്ട് ചെയ്ത് പോസ്റ്റും ഇട്ടിരുന്നു. ഞാൻ ഫാമിലിയായിട്ടാണ് സിനിമ കണ്ടത്.
അന്ന് എന്റെ മകൻ കാണിച്ച ഒരു ബുദ്ധിയുണ്ട്, അവന്റെ വീഡിയോ ക്യാമറയെടുത്ത് രണ്ടാമത്തെ നിലയില്‍വച്ചു. അത് മാത്രമാണ് കേടാവാതിരുന്നത്. ഈ വീടിന്റെ മുറ്റത്തുവരെ വെള്ളം വരാറില്ലെന്ന് പറഞ്ഞ് ഞാൻ അവനെ കളിയാക്കിയിരുന്നു.
എനിക്കന്ന് എടപ്പാളില്‍ ഒരു അൻപതിനായിരം രൂപയുടെ ഉദ്ഘാടനമുണ്ടായിരുന്നു. തിരിച്ചുവന്നപ്പോള്‍ അൻപത് ലക്ഷം പോയെന്ന് പറയാം. അതിനുവേണ്ടി പോയതുകൊണ്ടാണ് പറ്റിയത്. അല്ലെങ്കില്‍ വാഹനങ്ങള്‍ മാറ്റാമായിരുന്നു.
അങ്കമാലിയില്‍ വച്ച്, വീട്ടിലേക്ക് പോകുന്ന ഏരിയയിലൊക്കെ ഫുള്‍ വെള്ളം കയറിയിരിക്കുകയാണെന്ന് എല്ലാവരും പറഞ്ഞു. എന്റെ കാറിന്റെ ചില്ല് അടഞ്ഞുകിടക്കുന്നതിനാല്‍ ചെളിയൊന്നും കയറില്ല, അവിടെ കിടപ്പുണ്ടാകുമെന്നാണ് ഞാൻ കരുതിയത്. അവിടത്തെ സംഭവം എന്ന് പറഞ്ഞാല്‍ ഇവരെല്ലാവരും കൂടി പൊക്കമുള്ള സ്ഥലത്ത് കാർ മാറ്റിയിട്ടിരുന്നു. എന്നാല്‍ വെള്ളം വന്ന് ആ കാറെല്ലാം കൊണ്ടുപോയി.
ഇത്തിരി വിലകൂടിയ വണ്ടിയാണ് എന്റേത്. വെള്ളം വന്ന് ചില്ലില്‍ തട്ടിയാല്‍ അപ്പോള്‍ തന്നെ ചില്ല് താഴുന്നൊരു സിസ്റ്റം വണ്ടിയിലുണ്ടായിരുന്നു. പുഴയിലൊക്കെ പോയാല്‍ രക്ഷപ്പെടാൻ വേണ്ടിയുള്ളതായിരുന്നു. ഭയങ്കര ടെക്‌നോളജിയാണ്. എന്റെ ആ വാഹനമൊക്കെ പോയി.
ഞാൻ എന്ത് വേദനയും പിന്നീട് തമാശയായി കാണാറാണ്. അന്ന് ഞാൻ ചിരിച്ചോണ്ട് നടക്കുമ്പോള്‍ നിനക്കെന്താടാ കിളി പോയോ എന്ന് പലരും ചോദിച്ചു. ഇത് നമ്മുടെ കുറ്റമല്ലല്ലോ, വന്നുകയറിയതാണല്ലോ. ഞാൻ മദ്യപിച്ചോ, ലഹരിമരുന്ന് ഉപയോഗിച്ചോ, പെണ്ണ് പിടിച്ചോ ഒന്നും പോയതല്ല. ദൈവ വിധിയാണ്. ദൈവമെടുത്തെങ്കില്‍ തിരിച്ചുതരുമെന്നൊരു കോണ്‍ഫിഡൻസ് ഉണ്ടായിരുന്നു. അവിടുന്ന് രാവും പകലും അദ്ധ്വാനിച്ച് തിരിച്ചുകയറി.’- ടിനി ടോം പറഞ്ഞു.
