തിരുവനന്തപുരം: വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെ ഏർപ്പെടുത്തിയ ടൂറിസ്റ്റ് ബസുകള്‍ക്കുള്ള നിയന്ത്രങ്ങളില്‍ ഇളവ് നല്‍കി മോട്ടോർ വാഹന വകുപ്പ് (എംവിഡി).
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന ടൂറിസ്റ്റ് ബസുകള്‍ക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലാണ് ഇളവ് വരുത്തിയത്.
2022 ഒക്‌ടോബറിലാണ് വടക്കാഞ്ചേരിയില്‍ കെ.എസ്.ആർ.ടി.സി ബസിന് പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ ഒൻപതുപേർ മരിച്ചത്.
പാലക്കാട് വടക്കാഞ്ചേരി അഞ്ചുമൂർത്തി മംഗലം കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപത്ത് അർദ്ധരാത്രി 12.30 ഓടെയായിരുന്നു സംഭവം. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ കുട്ടികള്‍ സഞ്ചരിച്ച ബസ് കൊട്ടാരക്കരയില്‍ നിന്ന് കോയമ്പത്തൂരിലേയ്ക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിന്നിലിടിച്ച് മറിയുകയായിരുന്നു.
ഇതേത്തുടർന്നാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്.
വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോകുന്നതിന് ഏഴുദിവസം മുൻപ് ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കണമെന്നായിരുന്നു എംവിഡി ആദ്യം പുറപ്പെടുവിച്ച നിർദേശം. എന്നാല്‍ പുതിയ ഉത്തരവ് അനുസരിച്ച് 30 ദിവസത്തിലൊരിക്കല്‍ ടൂറിസ്റ്റ് ബസുകള്‍ പരിശോധനയ്ക്ക് എത്തിച്ചാല്‍ മതിയാവും. ബസുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുന്നതിനാണ് പരിശോധന നടത്തുന്നത്.
