തൊഴിലുറപ്പ് പദ്ധതി: കോട്ടയം ജില്ലയില്‍ 4499 തൊഴില്‍ കാര്‍ഡുകള്‍ റദ്ദാക്കി; ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനെന്ന് ആരോപണം

കോട്ടയം: ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയിലെ 4499 തൊഴില്‍ കാര്‍ഡുകള്‍ റദ്ദാക്കി.

പദ്ധതിയില്‍ സജീവമല്ലാത്തവരെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
വര്‍ഷങ്ങളായി ജോലിക്ക് അപേക്ഷിക്കാതിരിക്കുന്നവര്‍, മരിച്ചവര്‍, താമസം മാറിയവര്‍ എന്നിവരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നുണ്ട്.

അതേസമയം നടപടി വിമര്‍ശനങ്ങള്‍ക്കും വഴി വെച്ചിട്ടുണ്ട്. ചട്ടങ്ങള്‍ പാലിക്കാതെയാണ് തൊഴില്‍ കാര്‍ഡുകള്‍ റദ്ദാക്കുന്നതെന്ന് എന്നാണ് ഉയരുന്ന ആക്ഷേപം.

കാര്‍ഡ് ഉടമ ജീവിച്ചിരിക്കുകയാണെങ്കില്‍ നോട്ടീസ് നല്‍കിയതിന് ശേഷം മാത്രമേ തൊഴില്‍ കാര്‍ഡ് റദ്ദാക്കാന്‍ പാടുള്ളു എന്നാണ് ചട്ടം. എന്നാല്‍ ഇത് പാലിക്കാതെ പലരെയും പുറത്താക്കിയെന്നാണ് ആരോപണം.

തൊഴിലുറപ്പ് പദ്ധതിയില്‍ സജീവമായിരുന്നവരും ഒഴിവാക്കപ്പെട്ടവരിലുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിയെടുക്കുന്ന കുടുംബങ്ങള്‍ക്ക് ഓണക്കാലത്ത് നല്‍കുന്ന 1000 രൂപ ബോണസ് നല്‍കാതിരിക്കാനാണ് ധൃതി പിടിച്ച്‌ കാര്‍ഡുകള്‍ റദ്ദാക്കുന്നത് എന്നാണ് ആരോപണം.

മുന്‍വര്‍ഷം 100 ദിനങ്ങള്‍ ജോലി ചെയ്തിട്ടുള്ളവരും നിലവില്‍ തൊഴില്‍ കാര്‍ഡുള്ളവരും ഓണക്കാലത്തെ 1000 രൂപ ബോണസിന് അര്‍ഹരാണ്. ഇത്തരത്തില്‍ പുറത്തായവരില്‍ ചിലര്‍ തൊഴിലുറപ്പ് ഓംബുഡ്മാന് പരാതി നല്‍കിയിട്ടുണ്ട്. ജോലിക്ക് അപേക്ഷിച്ചിട്ടും കിട്ടാതാകുമ്പോള്‍ പഞ്ചായത്തിലെത്തി അന്വേഷിക്കുമ്പോഴാണ് കാര്‍ഡ് റദ്ദായതായി അറിയുന്നത് എന്ന് തൊഴിലാളികള്‍ പറയുന്നു.