തിരുവനന്തപുരം: രണ്ടര വയസുകാരിയോട് അങ്കണവാടി ടീച്ചറുടെ കൊടും ക്രൂരത. തിരുവനന്തപുരം വെമ്പായം ചിറമുക്ക് സ്വദേശികളായ സീന- മുഹമ്മദ് ഷാ ദമ്പതികളുടെ മകളെയാണ് കമ്പി വടികൊണ്ട് അധ്യാപിക അടിച്ചതായി പരാതി. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഷൂ റാക്കിന്റെ കമ്പി കൊണ്ടാണ് അടിച്ചത് എന്നാണ് ആരോപണം. അധ്യാപികയായ ബിന്ദുവിനെതിരെ രക്ഷകർത്താക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകി.
അങ്കണവാടിയിൽ നിന്ന് തിരികെ വീട്ടിലെത്തിയ കുട്ടിക്ക് കൈ അനക്കാൻ സാധിക്കുന്നില്ലെന്ന് മാതാപിതാക്കൾ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കൈയിൽ കമ്പുകൊണ്ട് അടിച്ചതതിന്റെ പാടുകളുമുണ്ടായിരുന്നു. മറ്റൊരു രക്ഷിതാവാണ് അടിയേറ്റ കുട്ടിയുടെ അമ്മ സീനയെ വിളിച്ചു ക്ലാസ് മുറിയിൽ വെച്ച് കുട്ടിക്ക് മർദ്ദനമേറ്റതായി അറിയിച്ചത്.
തുടർന്ന് അങ്കണവാടിയിലെ ആയയെ നേരിട്ട് കണ്ട് വിവരം അന്വേഷിക്കുകയായിരുന്നു. കുട്ടിയെ തറയിൽ ഇരുത്തി അക്ഷരം പഠിപ്പിക്കുന്ന സമയത്ത് ഷൂ റാക്കിലെ കമ്പി ഉപയോഗിച്ച് മർദിക്കുകയായിരുന്നു. ഇതിനു മുൻപും അധ്യാപിക കുട്ടികളെ മർദ്ദിച്ചതായി ആയ വ്യക്തമാക്കി.
