കണ്ണൂർ : ഉന്തും തള്ളും മാത്രമാണുണ്ടായതെന്നും കൈതചാമുണ്ഡി തെയ്യത്തിനിടയില്‍ ഇത് പതിവാണെന്നും തെയ്യം കെട്ടിയ മുകേഷ് പണിക്കർ പ്രതികരിച്ചു.വെറും അഞ്ച് മിനിട്ട് മാത്രം നിണ്ട സംഭവമായിരുന്നെന്നും ക്രൂരമർദനമെന്ന റിപ്പോർട്ടുകള്‍ തെറ്റാണെന്നും മുകേഷ് വ്യക്തമാക്കി.
സംഭവത്തിന് ശേഷം ചടങ്ങുകള്‍ പതിവുപോലെ നടന്നെന്നും തെറ്റായ പ്രചാരണം നടന്നതില്‍ സങ്കടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുധനാഴ്ച വൈകിട്ട് പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കെട്ടിയാടിയ കൈതചാമുണ്ഡി തെയ്യത്തിന് ഇടയിലായിരുന്നു സംഭവം.
കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തിരിച്ചുവരുന്ന തെയ്യം ആളുകളെ പിന്തുടർന്ന് ഭയപ്പെടുത്തുന്ന ആചാരമുണ്ട്. തെയ്യത്തെ കണ്ട് ഭയന്നോടിയ കുട്ടി വീണ് പരിക്കേറ്റെന്നും ഇതിനുപിന്നാലെ തെയ്യം കെട്ടിയ ആളെ നാട്ടുകാർ മർദിച്ചെന്നുമായിരുന്നു റിപ്പോർട്ടുകള്‍.മർദ്ദനത്തിനിടയില്‍ നിന്ന് സംഘാടകർ തെയ്യം കെട്ടിയ ആളെ രക്ഷിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് വൈറലായത്.
തുടർന്ന് പൊലീസും ഉത്സവ കമ്മിറ്റിക്കാരും ചേർന്ന് രംഗം ശാന്തമാക്കി ചടങ്ങുകള്‍ പൂർത്തീകരിക്കുകയായിരുന്നു. സംഭവത്തില്‍ ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. പ്രചരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. കൈത മുറിക്കാനായി തെയ്യം ക്ഷേത്രത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്ന സമയത്ത്, ഭയന്നോടി തിക്കിലും തിരക്കിലുംപെട്ട് ഒരു കുട്ടിക്ക് പരിക്കേറ്റിരുന്നു.
കുട്ടിയുടെ ബന്ധുക്കള്‍ ബഹളം വയ്ക്കുകയും ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ തെയ്യത്തെ വട്ടംപിടിച്ച് ആള്‍ക്കൂട്ടത്തില്‍ നിന്നും പുറത്തേക്ക് എത്തിക്കുകയും ചെയ്യുകയായിരുന്നു. ചടങ്ങുകളുടെ അവസാന ഭാഗത്ത് തെയ്യത്തെ എടുത്ത് കൊണ്ടുപോകുന്ന വീഡിയോ എഡിറ്റ് ചെയ്താണ് വ്യാജ ദൃശ്യമുണ്ടാക്കി ചിലർ പ്രചരിപ്പിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു.
