ആലുവ: നടന്‍ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അനന്തമായി നീളുകയാണ്. വിചാരണ അവസാനഘട്ടത്തിലേക്ക് കടന്നുവെന്ന റിപ്പോർട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നെങ്കിലും വിചാരണ പൂർത്തിയാക്കി എന്ന് വിധി പറയുമെന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യമായ വിവരമില്ല.
വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ വാദിഭാഗം അനാവശ്യമായ ഇടപെടല്‍ നടത്തുന്നുവെന്ന വാദം ദിലീപ് അടക്കമുള്ള പ്രതികള്‍ ഇതിനിടെ പലതവണ ഉന്നയിച്ച് കഴിഞ്ഞു.
ദിലീപ് എന്ന ജനപ്രിയ നടന് യഥാർത്ഥ ജീവിതത്തില്‍ വില്ലന്‍ പരിവേഷം നല്‍കിയ സംഭവമാണ് നടി ആക്രമിക്കപ്പെട്ട കേസ്. ദിലീപിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് പള്‍സർ സുനി അടക്കമുള്ള പ്രതികള്‍ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകർത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ ഭാഗം. എന്നാല്‍ പൊലീസ് തന്നെ മനഃപ്പൂർവ്വം കേസില്‍ പ്രതിചേർത്തതാണെന്നും നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്ന് ദിലീപും പറയുന്നു.
2017 ഫെബ്രുവരി പതിനേഴിനാണ് തൃശൂർ നഗരത്തില്‍ നിന്ന് എറണാകുളത്തേക്ക് കാറില്‍ സഞ്ചരിക്കുകയായിരുന്ന നടി ആക്രമിക്കപ്പെടുന്നത്. ആദ്യ കുറ്റപത്രം സമർപ്പിച്ച് കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം ദിലീപിനെ കേസില്‍ പ്രതിചേർക്കുന്നു.
ഗൂഡാലോചന സംബന്ധിച്ച അന്വേഷണം തുടരുമെന്ന് തുടക്കം മുതല്‍ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നതാണ്. ദിലീപിന്റെ അറസ്റ്റിലേക്ക് കടക്കുന്നതിന് മുമ്ബ് തന്നെ അദ്ദേഹത്തിനെ ഈ സംഭവുമായി ബന്ധമുണ്ടെന്ന രീതിയിലുള്ള അഭ്യൂഹങ്ങള്‍ പൊതുസമൂഹത്തില്‍ പ്രചരിച്ചിരുന്നു.
അറസ്റ്റിലായ ദിലീപ് 85 ദിവസത്തോളമാണ് ആലുവ സബ് ജയിലില്‍ റിമാന്‍ഡ് തടവുകാരനായി കഴിഞ്ഞത്. മറ്റ് പ്രതികള്‍ അക്രമിക്കുമോയെന്ന ഭയമുള്ളതിനാല്‍ ദിലീപിന് പ്രത്യേക സെല്‍ നല്‍കുമെന്ന വാർത്തകള്‍ ആദ്യം പുറത്ത് വന്നിരുന്നെങ്കിലും പിന്നീട് മറ്റ് പ്രതികളോടൊപ്പം തന്നെയായിരുന്നു താരത്തെ താമസിപ്പിച്ചത്. കവർച്ച ഉള്‍പ്പെടേയുള്ള കേസുകളിലെ പ്രതികളായ നാല് പേരായിരുന്നു ദിലീപിന്റെ സെല്ലില സഹതടവുകാർ.
ദിലീപിന് എന്തുകൊണ്ട് പ്രത്യേക സെല്‍ അനുവദിച്ചില്ലെന്ന് അന്നത്തെ ആലുവ ജയില്‍ സൂപ്രണ്ട് വിജയന്‍ പി ഇപ്പോള്‍ വ്യക്തമാക്കുന്നുണ്ട്. കൂടുതല്‍ തടവ് പുള്ളികള്‍ ഉള്ളതിനാല്‍ ഒരാള്‍ക്ക് മാത്രമായി പ്രത്യേക സെല്‍ അനുവദിക്കാന്‍ കഴിഞ്ഞില്ലെന്നാണ് സഫാരി ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്.
‘ആലുവ സബ് ജയിലില്‍ ഒരു കോറിഡോറിന് രണ്ട് വശങ്ങളിലായാണ് സെല്ലുകളുള്ളത്. എറണാകുളം സബ്ജയിലും അങ്ങനെ തന്നെ.
അവിടെ നമുക്ക് ഒരു സെല്ലില്‍ ഒരാളെ മാത്രമായി പാർപ്പിക്കാന്‍ സാധിക്കില്ല. എങ്കിലും താരതമ്യേന പ്രാധാന്യം കുറഞ്ഞ കേസുകളുള്ള തടവുകരെയായിരിക്കും അദ്ദേഹത്തിന്റെ കൂടെ പാർപ്പിച്ചിട്ടുണ്ടാകുക. എന്തായാലും ഒരാളെ ഒറ്റക്ക് ഇടില്ല. ദിലീപിന്റെ കൂടെ മറ്റുള്ളവരും ഉണ്ടായിരുന്നു. സിംഗിള്‍ സെല്ല് അവിടേയില്ല. പതിനഞ്ചോളം പേരെയൊക്കെ ഇടാവുന്ന വലിയ സെല്ലാണ്.’ സന്തോഷ് ജോർജ് കുളങ്ങളരയുടെ ചോദ്യത്തിന് മറുപടിയായി പി വിജയന്‍ പറഞ്ഞു.
