മധ്യപ്രദേശ് മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കവർച്ച; ആറ് ട്രോഫികൾ നഷ്ടപ്പെട്ടു

മധ്യപ്രദേശ് കായിക മന്ത്രി വിശ്വാസ് സാരംഗിന്റെ ഭോപ്പാലിലെ ഔദ്യോഗിക വസതിയിൽ കവർച്ച. അതീവ സുരക്ഷാ മേഖലയിൽ നടന്ന മോഷണത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക കനത്തു. മോഷ്ടാക്കൾ വസതിയിലെ സ്റ്റോർ റൂം കുത്തിത്തുറന്ന് ആറ് ട്രോഫികൾ മോഷ്ടിച്ചതായി പൊലീസ് അറിയിച്ചു. ഏപ്രിൽ രണ്ടിന് രാത്രിയാണ് മോഷണം നടന്നത്. സ്റ്റോർ റൂമിന്റെ പൂട്ട് തകർന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ഈ മുറിയിൽ സിസിടിവി സ്ഥാപിച്ചിട്ടില്ല.

മന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് പ്രവീൺ സക്‌സേന നൽകിയ പരാതിയിൽ ടിടി നഗർ പൊലീസ് ഏപ്രിൽ ആറിന് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ തിരിച്ചറിയാനായി പരിസര പ്രദേശത്തുള്ള മറ്റ് സിസിടിവികൾ പരിശോധിക്കുന്നുണ്ടെന്ന് സ്റ്റേഷൻ ഇൻ ചാർജ് ഗൗരവ് സിങ് ദോഹർ വ്യക്തമാക്കി. പ്രധാന വസതിക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന സ്റ്റോർ റൂമാണ് പ്രതികൾ ലക്ഷ്യമിട്ടത്. ഇവിടെ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലെന്ന് മനസിലാക്കിയാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് നിഗമനം.