കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഷൂ മാര്‍ട്ടിന്റെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത ശേഷം ഷൂസുകള്‍ മോഷ്ടിച്ചു. കുട്ടികള്‍ ഉള്‍പ്പെടുന്ന 4 അംഗ സംഘമാണ് മോഷണത്തിന് പിന്നില്‍. ഇവരില്‍ പ്രായപൂര്‍ത്തിയായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കാഞ്ഞിരപ്പള്ളി കോവില്‍കടവില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഷൂ മാര്‍ട്ടിന്‍റെ മുമ്പിലൂടെ നടന്ന് പോവുകയായിരുന്ന സംഘത്തില്‍ തുവാല കൊണ്ട് മുഖം മറച്ചിരുന്ന ഒരാള്‍ കൈയില്‍ ഉണ്ടായിരുന്ന കല്ലു കൊണ്ട് കടയിലെ ഗ്ലാസിന്റെ ചില്ലുകള്‍ തകര്‍ത്ത് കടക്ക് അകത്തേക്ക് കയറിയാണ് മോഷണം നടത്തിയത്.
ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ സംഭവം നടക്കുമ്പോള്‍ ഓടി മറഞ്ഞിരുന്നെങ്കിലും മോഷണം നടന്ന ശേഷം ഇവര്‍ ഒന്നിച്ചാണ് തിരിച്ചു പോയത്. കടയുടെ ഷട്ടറിന് മുൻവശമുള്ള ഗ്ലാസിനുള്ളില്‍ വെച്ചിരുന്ന ഒമ്പത് ഷൂസാണ് ഇവര്‍ മോഷ്ടിച്ചത്. തകര്‍ന്ന ഗ്ലാസും മോഷണം പോയ ഷൂസും അടക്കം 50,000 രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് കട ഉടമ പോലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ നാല് പേര്‍ ഉള്‍പ്പെട്ടിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ട്. ഇവര്‍ ജുവൈനല്‍ കസ്റ്റഡിയിലും പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയിലുമാണുള്ളത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
