ശബരിമല തീര്‍ത്ഥാടനം: കോട്ടയം ജില്ലയിലെ ഇടത്താവളങ്ങളില്‍ വിപുലമായ സന്നാഹങ്ങള്‍: ഏരുമേലി കേന്ദ്രീകരിച്ച്‌ റവന്യൂ കണ്‍ട്രോള്‍ റൂം തുടങ്ങി

കോട്ടയം: സുഗമമായ ശബരിമല തീര്‍ത്ഥാടനത്തിന് ഭക്തര്‍ക്ക് വിപുലമായ സൗകര്യമൊരുക്കി ജില്ലയിലെ ഇടത്താവളങ്ങള്‍.

തിരുനക്കര, ഏറ്റുമാനൂര്‍, കടുത്തുരുത്തി, വൈക്കം, എരുമേലി, ചിറക്കടവ്, കൊടുങ്ങൂര്‍ എന്നിവയാണ് ജില്ലയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പ്രധാന ഇടത്താവളങ്ങള്‍.
ജില്ലയിലെ എല്ലാ ഇടത്താവളങ്ങളിലും മുഴുവൻ സമയവും ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അടിയന്തരാവശ്യങ്ങള്‍ക്ക് അഗ്‌നിരക്ഷാ വകുപ്പിന് വെള്ളം എടുക്കാനുളള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏരുമേലി കേന്ദ്രീകരിച്ച്‌ റവന്യൂ കണ്‍ട്രോള്‍ റൂം തുടങ്ങുകയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ നിയമിക്കുകയും ചെയ്തു.

റവന്യൂ, പൊതുവിതരണം, ഭക്ഷ്യ സുരക്ഷ, ആരോഗ്യം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചേര്‍ത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംയുക്ത പരിശോധനാ സ്‌ക്വാഡുകള്‍ രൂപീകരിച്ചു. താലൂക്ക് തലത്തിലും ഇതേ മാതൃകയില്‍ സ്‌ക്വാഡ് പ്രവര്‍ത്തിക്കും.

ഇടത്താവളങ്ങളില്‍ കൃത്യമായ പെട്രോളിംഗ് നടത്തുന്നതിനും അതാത് ദേവസ്വവുമായി ബന്ധപ്പെട്ട് സ്ഥല സൗകര്യം ലഭ്യമാക്കി കണ്‍ട്രോള്‍ റൂം തുടങ്ങുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രധാന ഇടത്താവളങ്ങളില്‍ മെഡിക്കല്‍ എയ്ഡ് സംവിധാനം ഏര്‍പ്പെടുത്തി. സമീപഹോട്ടലുകളിലെ കുടിവെളളത്തിന്റെ ഉപയോഗയോഗ്യത ഉറപ്പുവരുത്തി.

ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു. ക്ലോറിനേഷൻ, ഫോഗിംഗ് എന്നീ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ മെഡിക്കല്‍ എയ്ഡ് കൗണ്ടര്‍ പ്രവര്‍ത്തിക്കും. കണമലയില്‍ എ.എല്‍.എസ് ആംബുലൻസ് സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഏറ്റുമാനൂര്‍, കടപ്പാട്ടൂര്‍ ഇടത്താവളങ്ങളിലും കാളകെട്ടി താത്കാലിക ഡിസ്‌പെൻസറിയിലും ആംബുലൻസ് സേവനം ലഭ്യമാക്കിയിട്ടുണ്ട്.