നഗരസഭയുടെ അനുമതിയില്ലാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ അഴിച്ചുമാറ്റിച്ച്‌ 5000 രൂപ പിഴ ഈടാക്കി ;പൊതുസ്ഥലങ്ങളില്‍ ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി തേടണമെന്നാണ് ചട്ടം.

തലശ്ശേരി : ബോര്‍ഡുകളുടെ വിസ്‌തീര്‍ണവും മറ്റും വ്യക്തമാക്കി സ്കെച്ച്‌ നല്‍കുന്നത് ഉള്‍പ്പെടെ നടപടിക്രമമുണ്ട്. എന്നാല്‍, ഇതിന് വിപരീതമായി രമ എന്നവരുടെ ഉടമസ്ഥതയില്‍ മഞ്ഞോടിക്ക്‌ സമീപം പ്രവര്‍ത്തിക്കുന്ന ആയുര്‍ ആയുര്‍വേദിക് ബ്യൂട്ടി ക്ലിനിക് എന്ന സ്ഥാപനം മുൻകൂര്‍ അനുമതി ഇല്ലാതെ നിരവധി ബോര്‍ഡുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചത്.

പരസ്യ ബോര്‍ഡുകള്‍ സ്ഥാപനത്തിന്റെ ആള്‍ക്കാരെക്കൊണ്ടുതന്നെ അഴിച്ചെടുപ്പിക്കുകയും 5000 രൂപ പിഴ അടപ്പിക്കുകയും ചെയ്തു. ഗതാഗത തടസ്സം സൃഷ്ടിക്കുക, പൊതുജനശല്യം, പൊതുസ്ഥലത്ത് ജനങ്ങള്‍ക്ക് അപകടം വരുത്തുന്ന നടപടികള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ പരസ്യം സ്ഥാപിക്കുന്നത് സംബന്ധിച്ച മുനിസിപ്പല്‍ നിയമത്തിലെ (1999) വ്യവസ്ഥപ്രകാരമാണ് പിഴ.

നഗരസഭ സെക്രട്ടറി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ റവന്യൂ ഇൻസ്പെക്ടര്‍ ജീവാനന്ദൻ, ഹെല്‍ത്ത് ഇൻസ്പെക്ടര്‍ അനില്‍ കുമാര്‍ തുടങ്ങിയവരാണ് പിഴ ഈടാക്കുന്നതിന് നടപടി സ്വീകരിച്ചത്.