പാലക്കാട് സിപിഐഎമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂർ കോൺഗ്രസിലേക്ക്

പാലക്കാട്‌ : പാലക്കാട്‌ സിപിഐഎമ്മിൽ പൊട്ടിത്തെറി.

പാലക്കാട്‌ ഏരിയ കമ്മറ്റി അംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിട്ടു. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു വളരെ മോശമായി പെരുമാറുന്നുവെന്നും യോഗത്തിൽ വച്ച് തന്നെ അവഹേളിച്ചെന്നും അബ്ദുൾ ഷുക്കൂർ ആരോപിക്കുന്നു.
പാർട്ടി ജില്ലാ സെക്രട്ടറിയിൽ നിന്നുണ്ടായ അവഗണനയെ തുടർന്ന് സിപിഐഎം വിട്ട പാലക്കാട് ഏരിയാ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂർ കോൺഗ്രസിലേക്ക്.
ഷാഫി പറമ്പിൽ എംപിയുമായും വി കെ ശ്രീകണ്ഠൻ എം പിയുമായുമുള്ള ചർച്ചകൾ കഴിഞ്ഞു. പൊതുപ്രവർത്തനത്തിനായി ഏത് പാത തിരഞ്ഞെടുക്കണം എന്നത് തന്റെ അവകാശമാണെന്ന് ഷുക്കൂർ നേരത്തെ പറയുകയുണ്ടായി.

താൻ ആത്മാർത്ഥമായി പ്രവർത്തിച്ചു, എന്നാൽ നേരിടുന്നത് കടുത്ത അവഗണനയാണ്. ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെയാണ് പ്രവർത്തിക്കുന്നതും പാർട്ടിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നുവെന്നും അബ്ദുൽ ഷുക്കൂർ പ്രതികരിച്ചു.

അതേസമയം പാലക്കാട്‌ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചതോടെ പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടന്നു.

ഇന്ന് എൽഡിഎഫിന്റെ ആദ്യതിരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.