ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച്‌ തയാറാക്കിയ കെട്ടുകാഴ്ച, വൈദ്യുതി ലൈനില്‍ തട്ടി മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു

 

ആലപ്പുഴ : ഉത്സവത്തിന്‍റെ കെട്ടുകാഴ്ച വൈദ്യുതി ലൈനില്‍ തട്ടി മൂന്നുപേർക്ക് പൊള്ളലേറ്റു. ചാരുംമൂട് കരിമുളയ്ക്കല്‍ വഴിയുടെ തെക്കേതില്‍ അമല്‍ ചന്ദ്രന്‍ (22) , ധനരാജ് (20), അനന്തു (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അമല്‍, ധനരാജ് എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ അനന്തുവിനെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചുനക്കര തിരുവൈരൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങിനിടെയാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കരിമുളയ്ക്കല്‍ കരയുടെ കെട്ടുകാഴ്ച തുരുത്തി ജംക്ഷന് വടക്കുവശത്തെ റോഡില്‍ എത്തിയപ്പോഴാണ് അപകടം. കെട്ടുകാഴ്ചയുടെ മധ്യഭാഗത്തും മുകളിലും നിന്നവര്‍ക്കാണ് പൊള്ളലേറ്റത്.

കെട്ടുകാഴ്ചകള്‍ വരുന്നത് കണക്കിലെടുത്ത് രാവിലെ 11ഓടെ ചുനക്കര ഭാഗത്തെ വൈദ്യുതി ലൈനുകള്‍ കെഎസ്‌ഇബി ഓഫ് ചെയ്തിരുന്നു. എന്നാല്‍ ഒരു ലൈന്‍ ഓഫ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ മറന്നെന്നാണ് നാട്ടുകാരുടെ ആരോപണം.

സംഭവത്തില്‍ നാട്ടുകാര്‍ കെഎസ്‌ഇബി ഓഫിസ് ഉപരോധിച്ചു. അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.