സ്വന്തം ലേഖകൻ
മണിപ്പുഴ :മൂലവട്ടം മണിപ്പുഴയില്‍ പുലര്‍ച്ചെ അഞ്ചുമണിക്ക് പത്രവിതരണത്തിനെത്തിയ മറിയപ്പള്ളി പുത്തൻപറമ്ബില്‍ അഗ്രിഷ് രാജിന്റെ സ്കൂട്ടറാണ് മോഷണംപോയത്. മണിപ്പുഴയിലെ വെയിറ്റിങ് ഷെഡ്ഡിനുസമീപം സ്കൂട്ടര്‍ ഓഫ്ചെയ്ത് താക്കോല്‍ അതില്‍ത്തന്നെ വച്ചശേഷം അഗ്രിഷ് പത്രം എണ്ണിയെടുക്കുന്നതിനായി വെയിറ്റിങ് ഷെഡ്ഡിലേക്കുകയറി.
ഈ സമയം ഇവിടെയെത്തിയ മറ്റൊരു യുവാവ് വെയിറ്റിങ് ഷെഡ്ഡിനുള്ളില്‍ കയറി ഇരുന്നു. പരസ്പരവിരുദ്ധമായി അയാള്‍ ആരോടെന്നില്ലാതെ സംസാരിക്കുന്നത് അഗ്രിഷും പത്രം ഏജന്റ് പി.ആര്‍.രാജുവും പത്രവിതരണത്തിനെത്തിയ മറ്റ് സുഹൃത്തുക്കളും ശ്രദ്ധിച്ചു. എന്നാല്‍ പെട്ടെന്നൊരുനിമിഷം യുവാവ് അഗ്രിഷിന്റെ സ്കൂട്ടര്‍ സ്റ്റാര്‍ട്ട്ചെയ്ത് നാട്ടകം ഗസ്റ്റ് ഹൗസ് ഭാഗത്തേക്കു ഓടിച്ചുപോയി. അഗ്രിഷ് രാജ്, ഉടനെ ഇതേ റൂട്ടില്‍ പത്രമിടാൻ പോയവരെ വിവരം അറിയിച്ചു. അവര്‍ സ്ഥലത്തെത്തി അഗ്രിഷിനെയും കൂട്ടി അതിവേഗം യുവാവിന്റെ പിന്നാലെ സ്കൂട്ടറില്‍ പാഞ്ഞു. രണ്ടുകിലോമീറ്റര്‍ ദൂരം പലവഴികളിലൂടെ ഇവര്‍ മോഷ്ടാവിനെ പിൻതുടര്‍ന്നു. മൂലവട്ടം ദിവാൻവലഭാഗത്തു സ്കൂട്ടര്‍ ഇവരുടെ കാഴ്ചയില്‍നിന്നു മറഞ്ഞു.രണ്ടായിപ്പിരിയുന്ന റോഡില്‍ ഏതുവഴി മോഷ്ടാവ് പോയെന്നായി സംശയം. പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ നാട്ടകം ഗസ്റ്റ് ഹൗസ് റോഡ് ഭാഗത്തുനിന്നു മോഷ്ടാവ് വരുന്നതുകണ്ടു. മൂന്നുപേരും ചേര്‍ന്ന് സ്കൂട്ടര്‍ തടയാൻ ശ്രമിച്ചെങ്കിലും യുവാക്കളെ ഇടിച്ചുവീഴ്ത്താൻ ശ്രമിച്ചശേഷം കടുവാക്കുളം ഭാഗത്തേക്ക് പോയി. വീണ്ടും പിന്നാലെ പാഞ്ഞ യുവാക്കള്‍ ഒടുവില്‍ കടുവാക്കുളം ഭാഗത്തുെവച്ച് മോഷ്ടാവിനെ തടഞ്ഞു. ചെറുപുഷ്പം പള്ളിക്ക് മുന്നിലെ റോഡില്‍ സ്കൂട്ടറിട്ടിട്ട് യുവാക്കളെ തള്ളിയിട്ടശേഷം മോഷ്ടാവ് രക്ഷപ്പെട്ടു.
മോഷ്ടാവിന്റെ ആക്രമണത്തില്‍ ശരീരത്തിനേറ്റ പരിക്കിന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ അഗ്രിഷ് ചികിത്സ തേടി. പരിക്കേല്‍പ്പിച്ചതിനും സ്കൂട്ടര്‍ മോഷ്ടിച്ച് കേടുവരുത്തിയതിനും അഗ്രിഷ് രാജ് ചിങ്ങവനം പോലീസില്‍ പരാതിനല്‍കി.
