ടി20 പരമ്പര: സുവര്‍ണാവസരം നഷ്ടമാക്കി വീണ്ടും സഞ്ജു; ഒടുവില്‍ ഗംഭീറിന്‍റെ മുഖത്തും നിരാശ; നിര്‍ത്തി പൊരിച്ച്‌ ആരാധകരും

ഡൽഹി: ബംഗ്ലാദേശിനെിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയതില്‍ ആരാധകര്‍ക്ക് മാത്രമല്ല, കോച്ച്‌ ഗൗതം ഗംഭീറിന്‍റെ മുഖത്തുപോലും നിരാശ.

ഇന്നലെ ടോസ് നഷ്ടമായി ക്രീസിലെത്തിയ ഇന്ത്യക്കായി ആദ്യ ഓവറില്‍ മെഹ്ദി ഹസന്‍ മിറാസിനെതിരെ സഞ്ജു രണ്ട് ബൗണ്ടറിയും അഭിഷേക് ശര്‍മ ഒരു ബൗണ്ടറിയും നേടി 15 റണ്‍സടിച്ച്‌ നല്ല തുടക്കമിട്ടെങ്കിലും ടസ്കിന്‍ അഹമ്മദ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തില്‍ സഞ്ജു പുറത്തായിരുന്നു.

ഡൽഹി അരുണ്‍ ജെയ്റ്റ്‌ലിസ്റ്റേിയത്തിലെ ബാറ്റിംഗ് പിച്ചില്‍ സഞ്ജു തകർത്തടിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കിയാണ് ടസ്കിന്‍ അഹമ്മദിന്‍റെ സ്ലോ ബോളില്‍ സഞ്ജു മിഡോഫില്‍ ക്യാച്ച്‌ നല്‍കി മടങ്ങിയത്. ആദ്യ മത്സരത്തില്‍ പുറത്തായപ്പോള്‍ നിരാശകൊണ്ട് സഞ്ജു സ്വയം അലറി വിളിച്ചെങ്കില്‍ ഇത്തവണ നിരാശ പ്രകടമായത് കോച്ച്‌ ഗൗതം ഗംഭീറിന്‍റെ മുഖത്തായിരുന്നു.

സഞ്ജു പുറത്തായതിന് പിന്നാലെ ഗംഭീറിന്‍റെ മുഖത്തേക്ക് ക്യാമറകള്‍ സൂം ചെയ്തപ്പോള്‍ കടുത്ത നിരാശ ആ മുഖത്ത് പ്രകടമായിരുന്നു.