കടലമാവ് ഉണ്ടോ? എങ്കില്‍ വളരെ എളുപ്പത്തില്‍ ഒരു മധുരം ഉണ്ടാക്കാം; റെസിപ്പി ഇതാ

കോട്ടയം: മധുരം കഴിക്കാൻ ഇഷ്ടമാണോ? കടലമാവ് ഉണ്ടോ? എങ്കില്‍ വളരെ എളുപ്പത്തില്‍ ഒരു മധുരം ഉണ്ടാക്കാം. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

കടലമാവ് – 1 കപ്പ്
തേങ്ങ ചിരകിയത് – 1/ 2 കപ്പ്
പാല്‍ – 1 കപ്പ്
പഞ്ചസ്സാര – 3/4 – 1 കപ്പ് (ഇഷ്ടമുള്ള മധുരത്തിന് അനുസരിച്ചു)
നെയ് – 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം

കടലമാവ് അരിപ്പയിലൂടെ നന്നായി അരിച്ചെടുക്കുക. തേങ്ങ ചിരകിയതും പാലും പഞ്ചസ്സാരയും കൂടി തരി ഇല്ലാതെ നന്നായി മിക്സിയില്‍ അരച്ചെടുക്കുക. ചെറു ചൂടില്‍ പാനില്‍ നെയ് ഒഴിച്ച്‌ കടലമാവ് പച്ചമണം മാറി നല്ല സുഗന്ധം വരുന്നത് വരെ ഇളക്കി വറുക്കുക. കടലമാവ് പാകമായാല്‍ അരച്ച്‌ വച്ചിരിക്കുന്ന കൂട്ട് അതിലേക്ക് ചേർത്ത് കട്ടകെട്ടാതെ ഇളക്കി യോജിപ്പിക്കുക. കൂട്ട് ഉരുണ്ട് പാത്രത്തില്‍ നിന്ന് വിട്ടു വരുന്നത് വരെ ഇളക്കുക. പാകമായാല്‍ തീ കെടുത്താം. ചൂട് അല്പം ആറിയാല്‍ ചെറിയ ഉരുളകള്‍ ആക്കി, ഒന്ന് അമർത്തി നടുവില്‍ നട്ട്സോ ചെറിയോ ടൂട്ടി ഫ്രൂട്ടിയോ വച്ച്‌ അലങ്കരിക്കാം.