ജനാധിപത്യത്തെ പണം കൊടുത്ത് വിലയ്‌ക്കെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്’; ബിജെപി പണം വിതരണം ചെയ്ത സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന് സണ്ണി ജോസഫ്

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി പണം വിതരണം ചെയ്ത സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് തന്നെ പ്രഥമദൃഷ്ട്യാ കേസെടുക്കാന്‍ കഴിയുമെന്നും വോട്ടിന് നോട്ട് എന്ന ബിജെപിയുടെ ഉത്തരേന്ത്യന്‍ സംസ്‌കാരമാണ് കേരളത്തിലും നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

ബിജെപിയുടെ പണത്തിന്റെ സ്രോതസ് അന്വേഷിക്കണം. ജനാധിപത്യത്തെ പണം കൊടുത്ത് വിലയ്‌ക്കെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വോട്ടറെ സ്വാധീനിക്കാന്‍ പണം കൊടുക്കുന്നത് തെളിവ് സഹിതം പിടിക്കുകയും അത് ചോദ്യം ചെയ്യുകയും ദൃശ്യം പകര്‍ത്തുകയും ചെയ്തവരോട് കരണം അടിച്ച്‌ പൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ശോഭാ സുരേന്ദ്രൻ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

വ്യാജ രേഖകള്‍ സൃഷ്ടിക്കുന്ന സിപിഐഎമ്മും പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്ന ബിജെപിയും ജനാധിപത്യ സംവിധാനത്തിന് അപമാനമാണ്. പരാജയഭീതി കാരണമാണ് ഇരുപാര്‍ട്ടികളും ഇത്തരം നടപടികളുമായി രംഗത്ത് വരുന്നത്.

 

ആശയപരമായ നിലപാട് കൊണ്ട് ജനങ്ങള്‍ക്ക് ഇടയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് വളഞ്ഞവഴി തിരഞ്ഞെടുക്കാന്‍ സിപിഐഎമ്മിനെയും ബിജെപിയേയും പ്രേരിപ്പിച്ചത്. ജനം ഇതെല്ലാം കാണുന്നുണ്ടെന്നും അതിനുള്ള മറുപടി ബാലറ്റിലൂടെ നല്‍കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.