കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ നവജാതശിശു; ഏറ്റെടുക്കാൻ ആരും വന്നില്ല; ഒടുവിൽ ദത്തെടുത്ത് എസ്.ഐ.യും ഭാര്യയും

ഉത്തർപ്രദേശ്: കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാതശിശുവിനെ ദത്തെടുത്ത് വളർത്താൻ തയ്യാറായ എസ്.ഐ.യും ഭാര്യയുമാണ് ഇപ്പോള്‍ ഉത്തർപ്രദേശിലെ താരങ്ങള്‍.

യു.പി.യിലെ ഗാസിയാബാദ് ദുദിയ പീപ്പാല്‍ പോലീസ് ഔട്ട്പോസ്റ്റിലെ സബ് ഇൻസ്പെക്ടർ പുഷ്പേന്ദ്രസിങ്ങും ഭാര്യ രാശിയുമാണ് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ദത്തെടുത്ത് വളർത്താൻ തീരുമാനിച്ചത്. ഇതിനായുള്ള നിയമനടപടികളും ദമ്പതിമാർ ആരംഭിച്ചു കഴിഞ്ഞു.

കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചനിലയിലാണ് കൈക്കുഞ്ഞിനെ പോലീസ് കണ്ടെത്തിയത്. കുറ്റിക്കാട്ടില്‍ നിന്ന് കരച്ചില്‍ കേട്ടതോടെ നാട്ടുകാർ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസെത്തി കുഞ്ഞിനെ ദസ്നയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് പോലീസ് സംഘം കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താൻ അന്വേഷണം നടത്തിയെങ്കിലും ഫലംകണ്ടില്ല.

കുഞ്ഞിനായി ആരും അധികൃതരെ സമീപിച്ചതുമില്ല. ഇതോടെയാണ് കുഞ്ഞിനെ ദത്തെടുത്ത് വളർത്താൻ എസ്.ഐ.യും ഭാര്യയും സന്നദ്ധത അറിയിച്ചത്.