സംഭവസമയം മാതാപിതാക്കള്‍ വീട്ടിലില്ല; മുത്തച്ഛൻ പുറത്തിറങ്ങി അര മണിക്കൂറിനുള്ളില്‍ മരണം; പുറത്ത് നിന്നും ആരും വന്നതായി തെളിവില്ല; കാലുകള്‍ രണ്ടും നിലത്ത് മുട്ടിയ നിലയില്‍; വെള്ളറടയില്‍ 13 വയസുകാരന്റെ മരണത്തില്‍ ദുരൂഹത

തിരുവനന്തപുരം: തിരുവനന്തപുത്ത് വെള്ളറടയില്‍ 13 വയസുകാരന്റെ മരണത്തില്‍ ദുരുഹത തുടരുന്നു.

വെള്ളറട അമ്പലം സ്വദേശികളായ അരുളാ നന്ദകുമാർ-ഷൈനി ദമ്പതിമാരുടെ മകൻ അബി എന്ന അഖിലേഷ് കുമാറിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പുറത്ത് നിന്ന് ആരെങ്കിലും വന്നതായി പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ മുത്തച്ഛൻ പുറത്തിറങ്ങി അര മണിക്കൂറിനുള്ളിലാണ് മരണം സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു.

താൻ മീൻ മേടിക്കുന്നതിനായി മാർക്കറ്റില്‍ പോയിരുന്നുവെന്നാണ് മുത്തച്ഛൻ പറയുന്നത്.
റൂമില്‍ ആരും കയറിയ ലക്ഷണം ഇല്ല. കാലുകള്‍ രണ്ടും നിലത്ത് മുട്ടിയ നിലയിലാണ് കണ്ടെത്തിയത്. ഷാള്‍ ലൂസായത് ഉള്‍പ്പെടെ പല കാരണങ്ങള്‍ കൊണ്ട് ഇങ്ങനെ സംഭവിക്കാമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.

വീടിന്റെ രണ്ടാമത്തെ നിലയിലെ മുറിയില്‍ ജനലില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് അഭിലേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഒരു കൈ തുണികൊണ്ട് കെട്ടിയനിലയിലായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാൻ കഴിയൂവെന്ന് പൊലീസ് അറിയിച്ചു.