തൃശൂര്‍: വിവേകോദയം സ്കൂളിലെ വെടിവെയ്പ്പ് കേസില്‍ അറസ്റ്റിലായ ജഗന് ജാമ്യം.
ഇയാളെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും.
2020 മുതല്‍ ഇയാള്‍ മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്നാണ് യുവാവിന്റെ മാതാപിതാക്കള്‍ പറയുന്നത്. ഇതിന്റെ രേഖകളും കുടുംബം ഹാജരാക്കി.
പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദ്ദേശം.
തൃശൂര്‍ വിവേകോദയം ബോയ്‌സ് സ്‌കൂളിലാണ് പൂര്‍വ വിദ്യാര്‍ഥിയായ തൃശൂര്‍ ഈസ്റ്റ് സ്വദേശി ജഗൻ തോക്കുമായി എത്തിയത്. സ്റ്റാഫ് റൂമിലെത്തിയ ഇയാള്‍ അധ്യാപകരെ ഭീഷണിപ്പെടുത്തിയിരുന്നു.
ഇതിനുശേഷമാണ് കയ്യിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് മൂന്നു തവണ ആകാശത്തേക്ക് വെടിയുതിര്‍ത്തത്.
രാവിലെ 10.15 ഓടെയായിരുന്നു സംഭവം. നേരത്തെ പഠിച്ച സമയത്ത് മറന്നുവെച്ച തൊപ്പി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇയാള്‍ സ്‌കൂളിലേക്കെത്തിയത്. അധ്യാപകര്‍ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ ബാഗില്‍ നിന്നു തോക്കെടുത്തത്.
