മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടയും ഭാര്യയുടെയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി; നിലയ്ക്കല്‍ അന്നദാനത്തിലെ ലക്ഷങ്ങളുടെ ക്രമക്കേടില്‍ നടപടി

പത്തനംതിട്ട: നിലയ്ക്കല്‍ അന്നദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടില്‍ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ ജയപ്രകാശിന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കള്‍ താത്കാലികമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

 

40.48 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയത്. 2018-19 മണ്ഡല മകരവിളക്ക് തീർഥാടന കാലയളവില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടി. ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ഇ ഡി അന്വേഷണം തുടരുന്നതിനിടെയാണ് സ്വത്ത് കണ്ടുകെട്ടല്‍ നടപടിയിലേക്കും കടന്നത്. വ്യാജ ബില്ലുകള്‍ ചമച്ച്‌ ദേവസ്വം ഫണ്ടില്‍ നിന്ന് 59.98 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തുവെന്നാണ് കണ്ടെത്തല്‍. പച്ചക്കറിയും മറ്റ് അവശ്യസാധനങ്ങളും വാങ്ങിയതായി വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് തിരിമറി നടത്തിയത്. ദേവസ്വം ബോർഡിന് ലഭിക്കേണ്ട വലിയൊരു തുക ഇത്തരത്തില്‍ പ്രതികള്‍ സ്വന്തമാക്കിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ആദ്യം പൊലീസ് അന്വേഷണം നടന്നിരുന്നു. ഇതിന് ശേഷമാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ ഡി കേസ് ഏറ്റെടുത്തത്. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നാണ് വിവരം.