തിരുവനന്തപുരം : പാറശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്ക്കെതിരെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി.
കളനാശിനി കഷായത്തില്‍ ചേർത്ത് ഷാരോണിനെ കുടിപ്പിച്ചതിന് മൂന്ന് മണിക്കൂർ മുൻപ്, വിഷത്തിന്റെ പ്രവർത്തനരീതി ഒന്നാം പ്രതി വിക്കിപീഡിയയിലൂടെ പഠിച്ചതിനുള്ള ശാസ്ത്രീയ തെളിവാണ് പ്രോസിക്യൂഷൻ നിരത്തിയത്.
നെയ്യാറ്റിൻകര സെഷൻസ് ജഡ്ജി എ.എം.ബഷീറിന് മുന്നില്‍ തിരുവനന്തപുരം ഫോറൻസിക് ലാബ് അസിസ്റ്റന്റ് ഡയറക്ടർ എ.എസ്.ദീപയാണ് തുറന്ന കോടതിയില്‍ ഡിജിറ്റല്‍ രേഖകള്‍ സ്‌ക്രീനില്‍ പ്രദർശിപ്പിച്ച് തെളിവ് നല്‍കിയത്. ജ്യൂസ് ചലഞ്ചിലൂടെ അമിത അളവില്‍ പാരസെറ്റമോള്‍ കൊടുത്തതിന്റെ അന്നും ഇത്തരത്തില്‍ ഇന്റർനെറ്റിലൂടെ പ്രവർത്തനരീതി ഗ്രീഷ്മ മനസിലാക്കിയിരുന്നു.
സംഭവദിവസം ഗ്രീഷ്മയുടെ വീട്ടിലേക്ക് സുഹൃത്ത് റെജിനുമായി ഷാരോണ്‍രാജ് ബൈക്കില്‍ പോയതും വന്നതുമായ ദൃശ്യങ്ങളും, ഗ്രീഷ്മയുള്‍പ്പെടെ ഉള്ളവരുടെ രൂപവും ഒന്നാണെന്നുള്ള തെളിവും സാക്ഷി പറഞ്ഞു.
