പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്‌ത പൊലീസുകാരെ തല്ലിച്ചതച്ചു; കുറുസിറ്റിയിൽ യുവാക്കള്‍ അറസ്റ്റില്‍

ഇടുക്കി: പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍.

കഴിഞ്ഞ ദിവസം രാത്രി 7.45 ഓടെ പെരിഞ്ചാംകുട്ടി ചെമ്പകപ്പാറക്ക് സമീപം കുറുസിറ്റിയിലാണ് സംഭവം. പെട്രോളിംഗിനിടയില്‍ പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി പുത്തന്‍പറമ്പില്‍ സുമേഷ്, സഹോദരന്‍ സുനീഷ്, സുഹൃത്ത് ജിജോ എന്നിവര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ മുരിക്കാശേരി സിഐ കെ എം സന്തോഷ്, എസ്‌ഐ മധുസൂദനന്‍, എസ്‌സിപി രതീഷ്, സിപി ഒ എല്‍ദോസ് എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റ പൊലീസുദ്യോഗസ്ഥര്‍ മുരിക്കാശേരിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി.

മയക്കുമരുന്ന് കേസിലുള്‍പ്പെടെ പ്രതികളായവരാണ് ആക്രമിച്ചതെന്ന് പൊലീസ് വിശദമാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.