കോട്ടയം : തിരക്കുകൾക്കിടയിൽ വല്ലപ്പോഴും മാത്രമാണ് കിടക്കവിരിയും തലയിണ കവറുമൊക്കെ നമ്മൾ കഴുകി വൃത്തിയാക്കാറുള്ളത്. എന്നാൽ വീട്ടിലെ മറ്റു വസ്തുക്കളെപോലെ തന്നെ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കേണ്ട ഒന്നാണ് കിടക്കവിരിയും തലയിണ കവറുകളും. ഒരേ രീതിയിൽ കുറേ ദിവസം ഉപയോഗിക്കുമ്പോൾ ഇതിൽ അഴുക്കും, വിയർപ്പും, എണ്ണമയവും, അണുക്കളും ഉണ്ടാവുന്നു. ഇക്കാര്യങ്ങൾ നിങ്ങൾ നിസ്സാരമായി കാണരുത്.
1.സുഖമായി ഉറങ്ങാൻ എല്ലാവർക്കും തലയിണ ആവശ്യമാണ്. ഉറങ്ങുന്ന സമയത്ത് തലയും കഴുത്തുമൊക്കെ ശരിയായ രീതിയിൽ ഇരിക്കാൻ ഇത് സഹായിക്കുന്നു. എന്നാൽ നിരന്തരമായി ഉപയോഗിക്കുമ്പോൾ ഇതിൽ എണ്ണയും അഴുക്കും കലർന്ന് തലയിണ കവറിൽ അണുക്കൾ ഉണ്ടാവാൻ കാരണമാകുന്നു.
2. ദീർഘകാലം ഉപയോഗിക്കാൻ കഴിയുമെങ്കിലും, കാലപ്പഴക്കം ഉണ്ടാവുന്നതിന് അനുസരിച്ച് പഴയത് മാറ്റി പുതിയ തലയിണ കവറും കിടക്കവിരിയും ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ നിങ്ങൾക്ക് ചർമ്മ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
3. കൂടുതൽ കാലം ഉപയോഗിക്കുമ്പോൾ തലയിണയിൽ നിന്നും ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു. എത്ര വൃത്തിയാക്കി സൂക്ഷിച്ചാലും ഇതിൽ നിന്നും ദുർഗന്ധം വന്നുകൊണ്ടേയിരിക്കും. അതിനാൽ തന്നെ പഴയത് മാറ്റി പുതിയത് വാങ്ങാൻ മടിക്കരുത്.
4. ആഴ്ച്ചയിൽ ഒരിക്കൽ കിടക്കവിരികളും തലയിണ കവറും കഴുകി വൃത്തിയാക്കുന്നത് ശീലമാക്കാം. ഇങ്ങനെ ചെയ്യുമ്പോൾ എണ്ണമയം, വിയർപ്പ്, അണുക്കൾ എന്നിവയെ ഇല്ലാതാക്കാൻ സാധിക്കും. ഇത് ചർമ്മ പ്രശ്നങ്ങൾ ഉണ്ടാവുന്നതിനെ തടയുന്നതിനൊപ്പം നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു.
5. കഴുകുന്നതിനൊപ്പം ഇവ അണുവിമുക്തമാക്കാനും മറക്കരുത്. കഴുകിയതിന് ശേഷം ബേക്കിംഗ് സോഡ ചേർത്ത വെള്ളത്തിൽ ഒരു മണിക്കൂർ മുക്കിവയ്ക്കാം. ഇത് അണുക്കളെ എളുപ്പം ഇല്ലാതാക്കാൻ സഹായിക്കുന്നു.
