എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ആക്രമിച്ചെന്ന് പരാതി നല്‍കിയ വിദ്യാര്‍ഥിനിക്കെതിരേ, വീണ്ടും കേസെടുത്ത് ആറന്മുള പോലീസ്.

പത്തനംതിട്ട : സഹപാഠിയായ വിദ്യാര്‍ഥിനിയെ ജാതിപ്പേര് വിളിച്ചു എന്ന പരാതിയിലാണ് പട്ടിക ജാതി, പട്ടിക വര്‍ഗ സംരക്ഷണ നിയമപ്രകാരം കേസെടുത്തത്.

സിപിഎം ഏരിയാ കമ്മിറ്റി അംഗം കൂടിയായ എസ്എഫ്‌ഐ നേതാവ് കോളജില്‍ വച്ച്‌ തന്നെ മര്‍ദിച്ചെന്ന് കാട്ടി പരാതി നല്‍കിയ കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോ കോളേജിലെ വിദ്യാര്‍ഥിനിക്കെതിരേ മൂന്ന് കേസുകളാണ് നിലവില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടി മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ഇതിന് പിന്നാലെ പരാതി നല്‍കിയതോടെ പെണ്‍കുട്ടിയുടെ മൊഴി പോലീസ് ആശുപത്രിയിലെത്തി രേഖപ്പെടുത്തി. എന്നാല്‍ സംഭവത്തില്‍ കേസെടുക്കാതെ പോലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണെന്ന് ആരോപണമുയര്‍ന്നു.

ഇതോടെ എസ്എഫ്‌ഐ നേതാവിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിനിയെ കൂട്ടി സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുക്കാന്‍ തയാറായത്.

എന്നാല്‍ സ്റ്റേഷനില്‍ പ്രതിഷേധിച്ചതിന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് വിജയ് ഇന്ദുചൂഡനനും പരാതിക്കാരിയും ഉള്‍പ്പെടെയുള്ള പത്ത് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.

എസ്‌എഫ്‌ഐ നേതാവ് നല്‍കിയ കൗണ്ടര്‍ പരാതിയിലും പെണ്‍കുട്ടിക്കെതിരേ കേസെടുത്തു. ഇതിന് പിന്നാലെയാണ് പട്ടിക ജാതി പട്ടിക വര്‍ഗ സംരക്ഷണ നിയമപ്രകാരവും പെണ്‍കുട്ടിക്കെതിരേ കേസെടുത്തത്.