കൊച്ചി: ട്രോളിങ് നിരോധനം തുടരുന്ന സാഹചര്യത്തിൽ മത്സ്യവിലയും കുതിക്കുകയാണ്. മത്തിയുടെ വില ബീഫ് വിലയ്ക്ക് മുകളിലെത്തി.
ഒരു കിലോ മത്തിക്ക് ഇന്നലെ 440 രൂപ വരെയായി. ട്രോളിങ് നിരോധനം തുടങ്ങി രണ്ടുദിവസം കഴിഞ്ഞപ്പോൾ തന്നെ വില കുതിച്ചുയർന്നു.
ചെറുവള്ളങ്ങളിൽ പിടിച്ചുകൊണ്ടുവരുന്ന മത്തിക്കാണ് പൊള്ളുംവില. ഇത്തരം മത്തിക്ക് ആവശ്യക്കാർ ഏറിയതും കൂടുതൽ മത്തി ലഭ്യമല്ലാത്തതുമാണ് വില കുതിച്ചുയരാൻ കാരണം.
കിളിമീൻ, കൊഴുവ തുടങ്ങിയ ചെറുമത്സ്യങ്ങൾക്കൊക്കെ കിലോയ്ക്ക് 300 ന് മുകളിലാണ് വില.
കരിമീൻ,തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങൾക്ക് അൽപം കുറവുണ്ട്. കരിമീന് 380 രൂപയും തിലോപ്പിയയ്ക്ക് 160-180 വരെയുമാണ് വില.
കൂടുമത്സ്യകൃഷി നടത്തുന്നതിനാലാണ് വില അൽപം കുറഞ്ഞത്. ചെമ്മീന്റെ വില 440 രൂപയായി ഉയർന്നു. സംസ്ഥാനത്തെ മത്സ്യക്ഷാമം മുൻകൂട്ടിക്കണ്ട് മംഗലാപുരം തൂത്തുക്കുടി എന്നിവിടങ്ങളിൽനിന്ന് എത്തുന്ന വിഷംപുരണ്ട മത്സ്യങ്ങളുടെ വരവ് തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്.
