ടിപി കൊലയാളികളെ വിട്ടയക്കാനൊരുങ്ങി സർക്കാർ, നീക്കം ഹൈക്കോടതി വിധി മറി കടന്ന്

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കവുമായി സര്‍ക്കാര്‍. മൂന്നു പ്രതികളെ ഇളവ് നല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് സൂചന.

ടി.കെ രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയില്‍ ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പോലിസ് റിപ്പോര്‍ട്ട് തേടി. കത്തിന്റെ പകര്‍പ്പ് പുറത്തു വന്നിട്ടുണ്ട്. ഹൈക്കോടതി വിധി മറി കടന്നാണ് സര്‍ക്കാര്‍ നീക്കം.

ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീല്‍ തള്ളിയാണ് ശിക്ഷ വര്‍ദ്ധിപ്പിച്ചത്. ഇത് മറികടന്നാണ് സര്‍ക്കാര്‍ ശിക്ഷാ ഇളവുമായി വരുന്നത്.

ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിലുള്ള മാര്‍ഗനിര്‍ദേശം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കൊലയാളി സംഘത്തിലെ മൂന്ന് പേര്‍ക്ക് ശിക്ഷ നല്‍കാനുള്ള നീക്കം ആരംഭിച്ചതെന്നാണ് സൂചന.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടവുകാരുടെ പട്ടിക ജയില്‍ ഉപദേശക സമിതി തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയിലാണ് ടി.പി കേസിലെ മൂന്ന് പ്രതികളുടെയും പേര് ഉള്‍പ്പെട്ടിട്ടുള്ളത്. തുടര്‍ച്ചയായി 20 വര്‍ഷം ജീവപര്യന്തം ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി വിധിച്ചവരാണ് ഈ മൂന്ന് പ്രതികളും.