‘ബിജെപി അവസരം മുതലെടുക്കും’; ശബരിമലയില്‍ സ്പോട്ട് ബുക്കിങ് വേണ്ടന്ന തീരുമാനം പിൻവലിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി

പത്തനംതിട്ട: ശബരിമലയില്‍ സ്പോട്ട് ബുക്കിങ് വേണ്ടന്ന തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി.

ഇക്കാര്യം പാർട്ടി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. ബിജെപി ഉള്‍പ്പടെ വീണ്ടും അവസരം മുതലെടുക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി ആവശ്യം.

ഇന്നലെയാണ്, ശബരിമല മണ്ഡലകാല ദര്‍ശനത്തിന് ഇത്തവണ വെർച്വല്‍ ക്യൂ മാത്രം മതിയെന്നും സ്പോട്ട് ബുക്കിങ് വേണ്ടെന്നുമുള്ള സർക്കാർ തീരുമാനം തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചത്. ഭക്തരുടെ സുരക്ഷയാണ് പ്രധാനമെന്നും നല്ല ഉദ്ദേശ്യത്തോടെയാണ് വെർച്വല്‍ ക്യൂ മാത്രമാക്കിയതെന്നും ഇതിന്റെ എണ്ണം കൂട്ടില്ലെന്നും ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞിരുന്നു.

ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസും ബിജെപിയും ഉയർത്തിയത്. ശബരിമല പ്രക്ഷോഭത്തിനുള്ള വേദിയാക്കരുതെന്നും സർക്കാർ സ്പോട്ട് ബുക്കിങ് നടപ്പക്കണമെന്നും നിയന്ത്രണങ്ങള്‍ ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

ബുക്കിങ് ഇല്ലാതെ തന്നെ പ്രവേശിക്കുമെന്നും തടഞ്ഞാല്‍ ശബരിമലയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാവുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വ്യക്തമാക്കി.

ഇതോടെ, നിലവിലെ തീരുമാനം മറ്റൊരു സുവർണാവസരമാക്കി ബിജെപി മുതലെടുപ്പ് നടത്തുമോ എന്ന ആശങ്ക ഉയർന്നതോടെയാണ് ഇതിനെതിരെ ജില്ലാ കമ്മിറ്റി രംഗത്തെത്തിയത്.

തീരുമാനം അന്തിമമല്ലെന്നും കൂടുതല്‍ ചർച്ച ചെയ്യാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്നലെ വാർത്താസമ്മേളനത്തില്‍ സൂചിപ്പിച്ചിരുന്നു.
ജില്ലാ കമ്മിറ്റിയുടെ എതിർപ്പ് മുന്നില്‍ക്കണ്ടാവാം ഈ പ്രതികരണമെന്നാണ് വിലയിരുത്തല്‍.