പ്രയാഗ പറഞ്ഞത് അപ്പാടെ വിശ്വസിച്ചു; പക്ഷേ ഭാസിയെ വിശ്വാസത്തിലെടുക്കാതെ പോലീസ്; പിന്നില്‍ ശ്രീനാഥ് ഭാസിയ്ക്ക് മുൻപുണ്ടായിരുന്ന ലഹരി ബന്ധം; പോലീസിന്റെ നീക്കം ഇങ്ങനെ…

കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് ഉള്‍പ്പെട്ട ലഹരി കേസില്‍ നടൻ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാർട്ടിൻ എന്നിവർക്കെതിരെ തെളിവുകള്‍ ലഭിച്ചില്ലെന്ന് ആണ് കമ്മീഷണർ അറിയിച്ചിരിക്കുന്നത്.

ശ്രീനാഥ് ഭാസിയെ 12 മണിക്കൂറും പ്രയാഗയെ രണ്ടുമണിക്കൂറും പോലീസ് ചോദ്യം ചെയ്തിരുന്നു. അതേസമയം ശ്രീനാഥ് ഭാസിയും മയക്കുമരുന്ന് എത്തിച്ചെന്ന് പൊലീസ് സംശയിക്കുന്ന എളമക്കര സ്വദേശി ബിനു ജോസഫും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ പൊലീസ് സമഗ്രമായി അന്വേഷിക്കും.

കാരണം മുൻപും ശ്രീനാഥ് ഭാസിയെ ലഹരിക്കേസ് തേടിവന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ബിനുവുമായി സാമ്പത്തിക ഇടപാടും മറ്റും നടത്തേണ്ട സാഹചര്യം എന്തെന്നാണ് അന്വേഷിക്കുന്നത്. ലഹരിയിടപാട് ഉണ്ടായിരുന്നോയെന്നതാണ് പ്രധാന സംശയം.

ബിനുവാണ് ശ്രീനാഥ് ഭാസിയെയും മറ്റും ആഡംബര ഹോട്ടലില്‍ എത്തിച്ചത്. നിലവിലെ വിവരശേഖരണം പൂർത്തിയായാല്‍ ശ്രീനാഥ് ഭാസിയെയും ബിനുവിനെയും വീണ്ടും വിളിച്ചുവരുത്തി ചോദ്യംചെയ്‌തേക്കും.

കാക്കനാട്ടെ ഹോട്ടലിലെ ആഘോഷ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ ശ്രീനാഥ് ഭാസി സുഹൃത്തുവഴിയാണ് കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരിപ്പാർട്ടിയുണ്ടെന്ന വിവരം അറിയുന്നത്. പിന്നീട് ബിനു മുഖേന ഇവിടെ എത്തുകയായിരുന്നു. ലഹരി ഉപയോഗിക്കാറില്ലെന്നും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നുമാണ് ശ്രീനാഥിന്റെ മൊഴി.

ഇത് അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. എന്നാല്‍, ഒപ്പം ഹോട്ടലില്‍ എത്തിയ പ്രയാഗ മാർട്ടിന്റെ മൊഴി തൃപ്തികരമെന്ന വിലയിരുത്തലാണ് അന്വേഷണസംഘത്തിന്.