നാളെ ശ്രീനാരായണ ​ഗുരു ജയന്തി; ലളിതമായ ചടങ്ങുകളോടെ വിവിധ യൂണിയനുകൾ ആഘോഷം സംഘടിപ്പിക്കും, ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തിൽ വയനാട് ദുരിത ബാധിതർക്കു 5 ലക്ഷം രൂപ കൈമാറും, ഹൈറേഞ്ച് യൂണിയന്റെ നേതൃത്വത്തിൽ 38 ശാഖകളിൽ നടത്തുന്ന ചടങ്ങിൽ സമാഹരിക്കുന്ന തുകയും ദുരിതാശ്വാസ നിധിയിലേക്ക്

കോട്ടയം: നാളെ ശ്രീനാരായണ ​ഗുരു ജയന്തി. ആഘോഷത്തിനു ക്ഷേത്രങ്ങളിലും എസ്എൻഡിപി യോഗം യൂണിയനുകളിലും ഒരുക്കങ്ങൾ പൂർത്തിയായി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തിൽ ലളിതമായ ചടങ്ങുകളോടെയാണു വിവിധ യൂണിയനുകൾ ആഘോഷം സംഘടിപ്പിക്കുന്നത്.

കോട്ടയം യൂണിയന്റെ കീഴിൽ 103 ശാഖാ യോഗങ്ങളിലും ജയന്തി ആഘോഷങ്ങൾ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഗുരുമന്ദിരങ്ങളിലും ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും നടക്കും.

എരുമേലി യൂണിയന്റെ ആഭിമുഖ്യത്തിൽ 24 ശാഖകൾ കേന്ദ്രീകരിച്ച് ഗുരുപൂജ, പതാക ഉയർത്തൽ, ചതയദിന പ്രാർത്ഥന, പ്രസാദ വിതരണം എന്നിവ നടക്കും.

ചങ്ങനാശേരി യൂണിയൻ നേതൃത്വത്തിൽ ശാഖകളിൽ രാവിലെ പ്രാർത്ഥനയും ഉച്ചയ്ക്ക് പ്രസാദ മുട്ടും നടത്തും. വയനാട് ദുരിത ബാധിതർക്കു 5 ലക്ഷം രൂപ യൂണിയൻ കൈമാറും.

ശാഖകളിൽ നിന്നും സമാഹരിക്കുന്ന നിശ്ചിത തുകയും ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറാൻ തീരുമാനിച്ചിട്ടുണ്ടെന്നു യൂണിയൻ പ്രസിഡൻ്റ് ഗിരീഷ് കോനാട്ട്, വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ, സെക്രട്ടറി സുരേഷ് പരമേശ്വരൻ എന്നിവർ പറഞ്ഞു.

ഹൈറേഞ്ച് യൂണിയന്റെ നേത്യത്വത്തിൽ 38 ശാഖകളിലും ചതയ ദിനാഘോഷത്തിന്റെ ഭാഗമായി ഘോഷയാത്ര ഒഴികെ ബാക്കി ചടങ്ങുകൾ നടത്തും ഇത്തരത്തിൽ സമാഹരിക്കുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചതായും സെക്രട്ടറി പി.ജീ രാജി അറിയിച്ചു.

വൈക്കം എസ്.എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ നഗരം ചുറ്റിയുള്ള ഘോഷയാത്ര ഒഴിവാക്കി സമ്മേളന പരിപാടികൾ മാത്രം. നാളെ വൈകിട്ട് 3.45ന് ആശ്രമം സ്‌കൂളിൽ നടത്തുന്ന ചതയദിന സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉഘാടനം ചെയ്യും.

തലയോലപ്പറമ്പ് യൂണിയൻ വടകരയിലെ യൂണിയൻ ആസ്‌ഥാനത്ത് സെക്രട്ടറി എസ്. ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. ഗുരു പൂജ, ഉച്ചയ്ക്ക് 1ന് യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ചതയ സദ്യ എന്നിവ ഉണ്ടായിരിക്കും.

കടുത്തുരുത്തി യൂണിയൻ്റെ കീഴിലുള്ള 34 ശാഖകളിലും ഗുരുദേവ ക്ഷേത്രങ്ങളിലും പതാക ഉയർത്തൽ നടക്കും. മറ്റ് പരിപാടികൾ ഉണ്ടായിരിക്കില്ലെന്നു യൂണിയൻ പ്രസിഡൻ്റ എ.ഡി. പ്രസാദ് ആരിശേരി അറിയിച്ചു.