മാറി നില്‍ക്കുന്ന ഒരുപാട്‌പേരുണ്ട്; ‘തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ പിന്നെ പരിസരത്ത് അടുപ്പിക്കില്ല’: സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ പരാജയപ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നവര്‍ക്ക് മറ്റ് പദവികളൊന്നും നല്‍കില്ലെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സസി വേണുഗോപാലിന്റെ മുന്നറിയിപ്പ്.

സര്‍ക്കാരുണ്ടാക്കുമ്പോള്‍ നിരവധി ബോര്‍ഡ് കോര്‍പ്പറേഷനുകളുണ്ടല്ലോ അവയുടെ തലപ്പത്തേക്ക് വരാമെന്ന് മത്സരിച്ച്‌ പരാജയപ്പെടുന്നവര്‍ കരുതരുത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നില്‍ക്കുന്നവര്‍ക്കായിരിക്കും ബോര്‍ഡ് – കോര്‍പ്പറേഷന്‍ തലപ്പത്തേക്ക് പ്രഥമ പരിഗണനയെന്നും കെ.സി പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയം മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രം ആയിരിക്കണമെന്ന പൊതുവികാരം നേതൃയോഗത്തില്‍ ഉയര്‍ന്നു. കേന്ദ്ര നിരീക്ഷകന്‍ സച്ചിന്‍ പൈലറ്റ് കൂടി പങ്കെടുത്ത യോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം അതിവേഗം പൂര്‍ത്തിയാക്കാനും തീരുമാനമായി.

സെമിഫൈനലില്‍ കോണ്‍ഗ്രസ് ജയിച്ചെന്നും ഫൈനലിലും ജയിച്ച്‌ കപ്പടിക്കുമെന്നും യോഗത്തിന് ശേഷം കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.