കോട്ടയം: ശബരിമല പരമ്പരാഗത കാനനപാതയോരത്ത് ജില്ലാ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാള്‍ പണി പൂർത്തിയാകുന്നു.
ശബരിമല പരമ്പരാഗത കാനനപാതയില്‍ ഇരുമ്പൂന്നിക്കര മഹാദേവ ക്ഷേത്രത്തിനു സമീപം 6000 ചതുരശ്രയടി വിസ്തീർണത്തില്‍ കമ്മ്യൂണിറ്റി ഹാള്‍ നിർമ്മിക്കുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2023 – 2024 വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവർഗ വികസന ഫണ്ടും പൊതുഗ്രാന്റും ഉപയോഗിച്ചാണ് നിർമാണം.
70 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ഇതിനായി അനുവദിച്ചിരിക്കുന്നത്. ശബരിമല തീർത്ഥാടകർക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഹാള്‍ നിർമിച്ചിരിക്കുന്നത്.
താഴത്തെ നിലയില്‍ ഓഫീസ് മുറി, താമസ മുറികള്‍, ഭക്ഷണമുറി എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. മുകളിലത്തെ നിലയില്‍ ഓഡിറ്റോറിയവും ശുചിമുറികളുമാണുള്ളത്.
നിലവില്‍ ഇലക്‌ട്രിക്കല്‍, പ്ലംബിംഗ് പണികള്‍ പൂർത്തിയായിക്കഴിഞ്ഞു. റൂഫിങ്ങിന്റെയും ശുചിമുറിയുടെയും അനുബന്ധ പണികളാണ് ഇനി ബാക്കിയുള്ളത്.
ശബരിമല തീർഥാടന സമയത്ത് കൂടുതല്‍ തീർത്ഥാടകർക്ക് കമ്യൂണിറ്റി ഹാള്‍ പ്രയോജനകരമാകുന്ന തരത്തില്‍ തുടർ ഫണ്ടുകള്‍ അനുവദിച്ച് കെട്ടിടം വിപുലീകരിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ പറഞ്ഞു.
