കോട്ടയം മെഡിക്കൽ കോളേജിൽ തിമിര ശസ്ത്രക്രിയ നടത്തണമെങ്കിൽ ലെൻസും മരുന്നും പുറത്തുനിന്നു വാങ്ങേണ്ട അവസ്ഥ; പുറത്തുനിന്നു വാങ്ങുന്ന മരുന്നുകൾ 6000 രൂപയിലധികവും; തിമിരശസ്ത്രക്രിയ വേണ്ടെന്നുവച്ച് വടവാതൂർ സ്വദേശി

കോട്ടയം: മെഡിക്കൽ കോളേജിൽ തിമിര ശസ്ത്രക്രിയയ്ക്കുള്ള ലെൻസും മരുന്നും പുറത്തുനിന്നു വാങ്ങാൻ ആവശ്യപ്പെട്ടതിനെ തുടർന്നു തിമിരശസ്ത്രക്രിയ വേണ്ടെന്നുവച്ച് വടവാതൂർ പുത്തൻപുരയ്ക്കൽ ശിവദാസ് (63).

സംഭവത്തെക്കുറിച്ചു ശിവദാസ് പറയുന്നതിങ്ങനെ:-

വലതുകണ്ണിനു തിമിരമാണ്. ഞരമ്പുകൾക്കു തകരാറുണ്ട്. കഴിഞ്ഞ കുറെക്കാലമായി കാഴ്‌ചയ്ക്ക് ബുദ്ധിമുട്ടുണ്ട്. പരിശോധനകൾക്കു ശേഷം മാർച്ച് 31നു മെഡിക്കൽ കോളേജിൽ അഡ്‌മിറ്റായി. ഇന്നലത്തേക്കു തിമിരശസ്ത്രക്രിയ നിശ്ചയിച്ചു.

ഹൃദ്രോഗിയായ ഭാര്യ അനിതയാണ് ഒപ്പമുള്ളത്. ഭാര്യയ്ക്ക് മാസം 7000 രൂപ മരുന്നിനു വേണം. സെക്യൂരിറ്റിയായി ജോലി ചെയ്‌താണു കുടുംബം പുലർത്തുന്നത്. കാഴ്‌ചത്തകരാർ നേരിട്ടതോടെ ജോലിക്കു പോകാൻ പറ്റാത്ത സ്‌ഥിതിയായി. ശസ്ത്രക്രിയയ്ക്കു മുന്നോടിയായി കണ്ണിൽ വയ്ക്കാനുള്ള ലെൻസും മരുന്നുകളും വാങ്ങുന്നതിനു മെഡിക്കൽ കോളേജിൽ നിന്നു ലിസ്‌റ്റ് നൽകി.

ആരോഗ്യ ഇൻഷുറൻസുള്ള ശിവദാസ് കാരുണ്യയിൽ ചെന്നു. ലഭിക്കാതെ വന്നതോടെ പേയി-ഇൻ വിഭാഗത്തിൽ നിന്നു പുറത്തു പോയി വാങ്ങാനാണു മറുപടി ലഭിച്ചത്. സമീപത്തെ മരുന്നുകടയിൽ അന്വേഷിച്ചപ്പോൾ കുറിപ്പിലെഴുതിയ സാധനങ്ങൾക്കെല്ലാം 6000 രൂപയിലധികം വില. ഇതോടെ തിമിരശസ്ത്രക്രിയ വേണ്ടെന്നുവച്ചു.

എന്നാൽ, പേയി-ഇൻ സ്‌റ്റോറിൽ ലെൻസും മരുന്നുകളും ‌സ്റ്റോക്കുണ്ടെന്നും സാമ്പത്തികവർഷം അവസാനിക്കുന്നതിനാൽ ഓഡിറ്റിങ് നടക്കുന്നതിനാലാണു മരുന്നു നൽകാൻ കഴിയാതിരുന്നതെന്നു മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. ഇതുസംബന്ധിച്ചു ശിവദാസിൻ്റെ പരാതികളൊന്നും ആശുപത്രിക്കു ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ശിവദാസ് കളക്ടർക്കു പരാതി നൽകി.