സ്കൂൾ – കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിൽപ്പന; ചില്ലറ വിൽപ്പന നടത്തുന്നത് ബാംഗ്ലൂരിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് എത്തിച്ച്; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 30 ഗ്രാം എംഡിഎംഎയുമായി സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ

കോഴിക്കോട്: സ്വകാര്യ ബസിലെ കണ്ടക്ടറെ 30 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ സ്വദേശി ബിജുവാണ് പിടിയിലായത്. കോഴിക്കോട് സിറ്റി – ഫറോക്ക് കോളേജ് റൂട്ടിലോടുന്ന ബസിലെ ജീവനക്കാരനാണ്.

ബേപ്പൂർ ചെറുകുറ്റിവയൽ സ്വദേശിയാണ് 29 വയസുകാരനായ ബിജു. ഫറോക്ക് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതി മയക്കു മരുന്ന് വിൽപ്പന നടത്തുന്നതായുള്ള രഹസ്യ വിവരം പോലീസിന് കിട്ടിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബാംഗ്ലൂരിൽ നിന്നും വലിയ തോതിൽ മയക്കുമരുന്ന് കോഴിക്കോട് എത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് വ്യക്തമായി.

ബിജുവിൽ നിന്ന് എംഡിഎംഎ വാങ്ങുന്നവരിൽ ഏറെയും സ്കൂൾ – കോളേജ് വിദ്യാർത്ഥികളാണ്. ഇന്ന് വൈകിട്ട് രാമനാട്ടുകരയിലെ ആളൊഴിഞ്ഞ പറമ്പിൽനിന്നാണ് പ്രതിയെ പിടികൂടിയത്. മയക്കുമരുന്ന് വിൽക്കാനായാണ് ഇയാൾ ഇവിടെ എത്തിയത്.

ഫറോക് എസ്ഐ ആർഎസ് വിനയൻ, സ്പെഷൽ ബ്രാഞ്ച് എസ്ഐ പിസി സുജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സി.പി.ഒ. മാരായ അഷ്റഫ്, സുമേഷ്, സുഗേഷ്, അനീഷ്, മധുസൂധനൻ, സനീഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.