സ്വന്തം ലേഖിക
മൂവാറ്റുപുഴ: ഇടുക്കിയിലെ ഭൂമി കയ്യേറ്റ വിഷയത്തില്‍ സിപിഎം നേതാവ് എംഎം മണി എം.എല്‍.എക്ക് മറുപടിയുമായി സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെ കെ ശിവരാമൻ.
കയ്യേറ്റമുള്ള സ്ഥലങ്ങള്‍ താൻ കാണിച്ചു തരാമെന്ന് ശിവരാമൻ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. നമുക്ക് ഒരുമിച്ചു പോകാമെന്നും കയ്യേറ്റം താൻ കാണിച്ചു തരാമെന്നും ശിവരാമൻ പറയുന്നു.
കയ്യേറ്റം ഉണ്ടെങ്കില്‍ ശിവരാമൻ കാണിച്ചു കൊടുക്കട്ടെയെന്ന എംഎം മണിയുടെ പരാമര്‍ശത്തിനാണ് ശിവരാമന്റെ മറുപടി പുറത്തുവന്നിരിക്കുന്നത്.
ഒരു കയ്യേറ്റവും ഒഴിപ്പിക്കാൻ പാടില്ലെന്ന അന്ത്യശാസനം കമ്മ്യൂണിസ്റ്റുകാര്‍ക്ക് യോജിച്ചതല്ല. വൻകിട കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കെ കെ ശിവരാമൻ പറയുന്നു.
ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള ദൗത്യ സംഘത്തോടുള്ള നിലപാട് ആവര്‍ത്തിച്ച് എം എം മണി രംഗത്തെത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ വഴിവിട്ട കാര്യങ്ങള്‍ ചെയ്യരുതെന്നും തെറ്റായ നിലയില്‍ കാര്യങ്ങള്‍ വന്നാല്‍ ജനങ്ങളെ അണിനിരത്തി എതിര്‍ക്കുമെന്നും എം.എം മണി പറഞ്ഞു.
ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചതില്‍ എംഎം മണിയടക്കമുള്ള സിപിഎം ജില്ലാ നേതാക്കള്‍ നേരത്തെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ദൗത്യ സംഘം വന്ന് പോകുന്നതിന് തങ്ങള്‍ എതിരല്ലെന്നും രാഷ്ട്രീയ ലക്ഷ്യം വെച്ച് എന്തെങ്കിലും ചെയ്യാൻ വന്നാല്‍ തുരത്തുമെന്നും നേരത്തെ എംഎം മണി വ്യക്തമാക്കിയിരുന്നു.
