സ്വന്തം ലേഖിക
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് അഖില്‍ സജീവും സംഘവും കോട്ടയത്തും വലിയ തട്ടിപ്പ് നടത്തിയെന്ന് വെളിപ്പെടുത്തല്‍.
നിയമന കോഴ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ റഹീസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് റഹീസിന്റെ വെളിപ്പെടുത്തല്‍.
റഹീസിനേയും ബാസിത്തിനേയും ഇന്ന് പുലര്‍ച്ചെ മുതല്‍ കന്റോണ്‍മെന്റ് പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് റഹീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആരോഗ്യ കേരളത്തിന്റെ പേരില്‍ വ്യാജ നിയമന ഉത്തരവുണ്ടാക്കിയത് റഹീസാണെന്ന് പൊലീസ് പറയുന്നു.
അഖില്‍ സജീവ് റഹീസുമായി ചേര്‍ന്നാണ് ഇമെയില്‍ ഐഡി ഉണ്ടാക്കിയത്. ലെനിൻ രാജാണ് അഖില്‍ സജീവനെ റഹീസിന് പരിചയപ്പെടുത്തിയത്. അഖിലും റഹീസുമായി ഇൻറീരിയര്‍ ഡിസൈൻ ബിസിനസ് നടത്തിയിരുന്നെങ്കിലും അത് തകര്‍ന്നു.
പിന്നീടും ഇവര്‍ തമ്മില്‍ സൗഹൃദം നീണ്ടു. ബിസിനസിലെ നഷ്ടം നികത്താനാണ് പ്രതികള്‍ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
