ഭാര്യയുടെ ആദ്യ വിവാഹത്തിലെ കുട്ടിയെ ഒഴിവാക്കാൻ കൊടുംക്രൂരത; അഞ്ച് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന് വധശിക്ഷ വിധിച്ച് പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി

പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ.

തമിഴ്നാട് രാജപാളയം സ്വദേശിയെയാണ് തൂക്കിക്കൊല്ലാൻ വിധിച്ചത്. ഭാര്യയുടെ ആദ്യ വിവാഹത്തിലെ കുട്ടിയെ ഒഴിവാക്കാനായിരുന്നു പ്രതി ക്രൂരക്രത്യം നടത്തിയത്.

വിചിത്രമായ ലൈംഗിക പീഡനവും കൊലപാതകവും പ്രതിക്കെതിരെ തെളിഞ്ഞതായി കോടതി വിധിയില്‍ വ്യക്തമാക്കി. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി -1 ന്റെതാണ് ഉത്തരവ്.

2021 ഏപ്രില്‍ 5 നായിരുന്നു സംഭവം. തുടര്‍ച്ചയായുള്ള മര്‍ദ്ദനമാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. കത്തികൊണ്ടുളള 66 മുറിവുകളാണ് കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്.

5 വയസ്സുകാരിയെ രണ്ടാനച്ഛനെ ഏല്‍പ്പിച്ച്‌ അമ്മ വീട്ടു ജോലിക്ക് പോയതാണ്, മടങ്ങിയെത്തിയപ്പോള്‍ ചലനമറ്റ നിലയില്‍ കുഞ്ഞിനെ കണ്ടെത്തി. ഭാര്യയുടെ ആദ്യ വിവാഹത്തിലെ കുട്ടിയെ ഒഴിവാക്കാനായിരുന്നു പ്രതി ക്രൂരക്രത്യം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

കഞ്ചാവിനും മദ്യത്തിനും അടിമയായിരുന്നു രണ്ടാനച്ഛൻ. കൊലപാതകം സ്ഥിരീകരിച്ച്‌ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.

എന്നാല്‍ രാത്രി പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ ഇയാളെ തൊട്ടടുത്ത ദിവസം നാട്ടുകാരുടെ സഹയത്തോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വിചാരണ വേളയില്‍ കോടതി വളപ്പില്‍ പ്രതി ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.