വയനാട് ഉപതെരഞ്ഞെടുപ്പ്; ഇലക്ഷൻ ഐഡിക്ക് പുറമെ 12 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച്‌ വോട്ട് ചെയ്യാം

തിരുവനന്തപുരം: വയനാട്ടില്‍ നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കുന്ന ഫോട്ടോ ഐഡി (എപിക്) കാർഡാണ് തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത്.

എന്നാല്‍ ഇതിന് പുറമേ ഫോട്ടോപതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ കൂടി വോട്ട് ചെയ്യാൻ ഉപയോഗിക്കാമെന്ന് ഇൻഫർമേഷൻ ആന്‍റ് പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. നവംബർ 13ന് ആണ് ഉപതെരഞ്ഞെടുപ്പ്.

ആധാർ കാർഡ്, പാൻ കാർഡ്, ഭിന്നശേഷി തിരിച്ചറിയല്‍ കാർഡ് (യുഡിഐഡി), സർവീസ് ഐഡി കാർഡ്, ഫോട്ടോ പതിച്ച ബാങ്ക്/ പോസ്റ്റ് ഓഫീസ് പാസ് ബുക്ക്, തൊഴില്‍ മന്ത്രാലയം നല്‍കുന്ന ഹെല്‍ത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, എൻപിആർ- ആർജിഐ നല്‍കുന്ന സ്മാർട്ട് കാർഡ്, പെൻഷൻ രേഖ, എംപി/എംഎല്‍എ/ എംഎല്‍സിമാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാർഡുകള്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍ കാർഡ് എന്നിവയാണ് തിരിച്ചറിയല്‍ രേഖകളായി ഉപയോഗിക്കാവുന്നത്.