കുറവിലങ്ങാട് എംസി റോഡിൽ അപകട ഡിവൈഡറിൽ വീണ്ടും വാഹനം ഇടിച്ചുകയറി; കഴിഞ്ഞ ഒരു വർഷത്തിനിടെ ഇവിടെ ഇടിച്ചു കയറിയത് അൻപതിലധികം വാഹനങ്ങൾ

കുറവിലങ്ങാട്: എംസി റോഡിൽ കോഴായിലെ അപകട ഡിവൈഡറിൽ വീണ്ടും വാഹനം ഇടിച്ചുകയറി. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇവിടെ ഇടിച്ചു കയറിയത് അൻപതിലധികം വാഹനങ്ങളാണ്.

എന്നിട്ടും അധികൃതർക്കു കുലുക്കമില്ല. അപകടങ്ങളുടെ കാരണം അന്വേഷിക്കാൻ പോലും നടപടിയില്ലാത്ത അവസ്ഥയാണ്. നവീകരിച്ച എംസി റോഡിൽ അപകടസാധ്യത കുറയ്ക്കുന്നതിനു വേണ്ടിയാണ് ഡിവൈഡറുകൾ നിർമിച്ചത്.

എന്നാൽ, കോഴായിലും സെൻട്രൽ ജംക്‌ഷനിലും നിർമിച്ച ഡിവൈഡറുകൾ അപകട സാധ്യത വർധിപ്പിക്കുകയാണ്. ഇവിടെ വാഹനങ്ങൾ ഇടിച്ചു കയറുന്നത് സാധാരണ സംഭവമാണ്. 3 തവണ തടിലോറികൾ ഈ ഭാഗത്തു മറിഞ്ഞു. വഴി മുറിച്ചുകടക്കുന്ന യാത്രക്കാരെ വാഹനം ഇടിക്കുന്നതും പതിവാണ്.

കോഴാ ജംക്‌ഷനിലെ ഡിവൈഡറിനെക്കുറിച്ചു നിർമാണവേളയിൽ തന്നെ പരാതി ഉയർന്നിരുന്നു. റോഡിനെ രണ്ടായി മുറിച്ചു നിർമിച്ച ഡിവൈഡറിന്റെ നിർമാണം തീർന്നപ്പോൾ ഈ ഭാഗത്ത് റോഡിന്റെ വീതി കുറഞ്ഞു. ആഴ്ചയിൽ മൂന്നും നാലും വാഹനങ്ങൾ ഇവിടെ അപകടത്തിൽപെടുന്നുണ്ട്.

കുറവിലങ്ങാട് സെൻട്രൽ ജംക്‌ഷനിലെ ഡിവൈഡറിലെ അപകടസാധ്യത ഇതിലും കൂടുതലാണ്. ഇവിടെ നവീകരണത്തിനു ശേഷവും റോഡിനു കാര്യമായി വീതി വർധിച്ചില്ല. നിർമാണ സമയത്തു തന്നെ ഇതുമായി ബന്ധപ്പെട്ടു പരാതിയുണ്ടായിരുന്നു.