പരീക്ഷാ മാര്‍ക്ക് ലിസ്റ്റുകളില്‍ മാതാപിതാക്കളുടെ കള്ള ഒപ്പിട്ടത് അധ്യാപകരോട് പറഞ്ഞതിൽ വിരോധം; സഹപാഠിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ 9 -ാം ക്ലാസുകാരന് ഏഴാം ക്ലാസുകാരന്റെ വക കൈക്കൂലി

പൂനെ: തനിക്കെതിരെ പരാതി പറഞ്ഞ തന്‍റെ സഹപാഠിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ 9 -ാം ക്ലാസുകാരന് ഏഴാം ക്ലാസുകാരന്‍ 100 രൂപ നല്‍കി. പൂനെയുടെ സമീപപ്രദേശത്തുള്ള ദൗണ്ടിലെ തെഹ്‌സിലിലെ സെന്‍റ് സെബാസ്റ്റ്യൻ ഇംഗ്ലീഷ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് തന്‍റെ സഹപാഠിയായ ഒരു വിദ്യാര്‍ത്ഥിനിയെ ഒരാളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ 9 -ാം ക്ലാസിലെ മറ്റൊരു വിദ്യാർത്ഥിക്ക് 100 രൂപ നൽകിയതെന്ന ആരോപണം ഉയർന്നത്.

പണം ലഭിച്ച വിദ്യാര്‍ത്ഥി തന്നെയാണ് വിഷയം അധ്യാപകരോട് പറഞ്ഞതെന്നും റിപ്പോര്‍ട്ട് ചെയ്തു. പരീക്ഷാ മാര്‍ക്ക് ലിസ്റ്റുകളില്‍ മാതാപിതാക്കളുടെ കള്ള ഒപ്പിട്ടത് സഹപാഠിയായ വിദ്യാര്‍ത്ഥിനി അധ്യാപകരോട് പറഞ്ഞതിന്റെ ദേഷ്യത്തിലാണ് വിദ്യാര്‍ത്ഥി പണം വാഗ്ദാനം ചെയ്ത് കൊല നടത്താന്‍ ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

9 -ാം ക്ലാസ് വിദ്യാര്‍ത്ഥി പ്രന്‍സിപ്പലിനോടും മറ്റൊരു അധ്യാപകനോടും സംഭവത്തെ കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍, സ്കൂളിന്‍റെ സൽപ്പേരിന് കളങ്കം വരുമെന്ന് കരുതി 9 -ാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ ഭീഷണിപ്പെടുത്തി വിടുകയായിരുന്നെന്നും അധ്യാപകര്‍, പണം വാഗ്ദാനം ചെയ്ത കുട്ടിക്കെതിരെ നടപടി എടുത്തില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് എഫ്ഐആർ ഇടുകയും പ്രസിന്‍സിപ്പലിനെയും ക്ലാസ് ടീച്ചറെയും മറ്റൊരു അധ്യാപകനെയും വിളിച്ച് വരുത്തി ചോദ്യം ചെയ്തെന്നും മൂന്ന് പേര്‍ക്കും എതിരെ കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടുത്തിയതിനും മാനസികമായി അപമാനിച്ചതിനും കേസെടുത്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ആൺകുട്ടിക്ക് 12 വയസ്സ് തികഞ്ഞിട്ടില്ലാത്തതിലും നിമയപരമായ ക്രിമിനൽ നടപടി അനുവദിക്കാത്തതിനാലും കുട്ടിക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.