നെന്മാറ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ട സുധാകരന്റെ മൂത്തമകള്‍ക്ക് സര്‍ക്കാര്‍ ജോലി; രണ്ടാമത്തെ മകളുടെ വിദ്യാഭ്യാസം വനിത വികസന കോർപ്പറേഷൻ ഏറ്റെടുക്കും; ആരോഗ്യമന്ത്രിയെ ഫോണില്‍ വിളിച്ച്‌ ആവശ്യപ്പെട്ടത് രമേശ് ചെന്നിത്തല

പാലക്കാട്: നെന്മാറയിലെ കൊല്ലപ്പെട്ട സുധാകരന്‍റെ മൂത്തമകള്‍ക്ക് സർക്കാർ ജോലി നല്‍കും.

നഴ്സിങ് പാസായ മൂത്ത മകള്‍ അതുല്യക്കാണ് സർക്കാർ ജോലി ഉറപ്പ് നല്‍കണമെന്ന് ആരോഗ്യമന്ത്രിയോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഉടൻ തന്നെ ജോലി നല്‍കാനുള്ള നടപടി എടുക്കുമെന്ന് മന്ത്രി വീണ ജോർജ് ഉറപ്പ് നല്‍കിയതായി ചെന്നിത്തല അറിയിച്ചു.

കുട്ടികള്‍ ഇപ്പോള്‍ താമസിക്കുന്ന കുഴല്‍മന്ദത്തിന് അടുത്തുള്ള ചിതലിയിലെ ബന്ധുവീട്ടിലെത്തി ചെന്നിത്തല കുട്ടികളെ ആശ്വസിപ്പിച്ചിരുന്നു. ഇവിടെ വച്ച്‌ ആരോഗ്യ മന്ത്രിയെ ഫോണില്‍ വിളിച്ചാണ് ചെന്നിത്തല അതുല്യക്ക് സർക്കാർ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ടതും മന്ത്രി ഉറപ്പ് നല്‍കിയതും.

കൊല്ലപ്പെട്ട സുധാകരന്‍റെ രണ്ടാമത്തെ മകള്‍ അഖിലയുടെ വിദ്യാഭ്യാസം വനിത വികസന കോർപ്പറേഷൻ ഏറ്റെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു. ഇതിൻ്റെ ഭാഗമായി രണ്ട് ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥർ വീട് സന്ദർശിക്കുമെന്നും ചെന്നിത്തല അറിയിച്ചു.