സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത ഫ്ലക്സുകളും ബോർഡുകളും നീക്കം ചെയ്ത സര്‍ക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം; ‘ഈ കൂട്ടായ്മ തുടര്‍ന്നാല്‍ നല്ല മാറ്റമുണ്ടാകുമെന്ന് കോടതി

കൊച്ചി : സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത ഫ്ലക്സുകളും ബോർഡുകളും ചുരുങ്ങിയ സമയത്തില്‍ നീക്കം ചെയ്ത സർക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം.

കോടതിയും സർക്കാർ സംവിധാനങ്ങളും ഒരുമിച്ച ഈ കൂട്ടായ്മ ഇനിയും തുടർന്നാല്‍ നല്ല മാറ്റങ്ങളുണ്ടാകുമെന്നും കോടതി പറഞ്ഞു. അനധികൃത ബോർഡ് സ്ഥാപിക്കുന്നവർക്കെതിരെ പിഴ ഈടാക്കുന്ന നടപടിയില്‍ വിട്ട് വീഴ്ച ഉണ്ടാകരുതെന്നും ഇല്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരില്‍ നിന്ന് പിഴ ഈടാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

അനധികൃത ബോർഡ് സ്ഥാപിച്ചതില്‍ ഒരാഴ്ചക്കുള്ളില്‍ 95 ലക്ഷം പിഴ ചുമത്തിയെന്ന് തദ്ദേശ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ് ഓണ്‍ലൈനില്‍ ഹാജരായി അറിയിച്ചു. ഇതില്‍ 14 ലക്ഷം രൂപ ഈടാക്കിയെന്നും സെക്രട്ടറി കോടതിയില്‍ പറഞ്ഞു.

അനധികൃതമായി ആരും ബോർഡ് വയ്ക്കുന്നില്ലെന്ന് എല്ലാ ദിവസവും സർക്കാർ ഉറപ്പുവരുത്തണമെന്ന് കോടതി നിർദ്ദേശം നല്‍കി. അനധികൃത ബോർഡുകളും ഫ്ലക്സും നീക്കം ചെയ്യാൻ കോടതി സമയപരിധി തീരുമാനിച്ച സാഹചര്യത്തിലാണ് കോടതി കേസ് വീണ്ടും പരിഗണിച്ചത്.

കേസ് വരുന്ന ജനുവരി 8ന് വീണ്ടും പരിഗണിക്കും.ഫ്ലക്സ് ബോർഡുകള്‍ക്കെതിരായ നടപടിയുടെ പേരില്‍ ജഡ്ജിമാരെ അപഹസിക്കാൻ ശ്രമിക്കുന്ന ചില രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ ആരും വെറുതെ വിടില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാദത്തിനിടെ പറഞ്ഞു.